28-pine-apple
കയറ്റുമതി നിലച്ചതോടെ കൈതച്ചക്ക കർഷകർ പ്രതിന്ധിയിൽ

മലയാലപ്പുഴ: കൊറോണ ഭീഷണി മൂലമുള്ള നിയന്ത്രണങ്ങളെ തുടർന്ന് കയറ്റുമതി നിലച്ചതോടെ ജില്ലയുടെ കിഴക്കൻ മലയോരത്തെ കൈതച്ചക്ക കർഷകർ പ്രതിസന്ധിയിലായി.ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തോട്ടങ്ങളിലും മറ്റ് ചെറുകിട സ്വകാര്യത്തോട്ടങ്ങളിലുമായി പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ വൻതോതിലാണ് കൃഷി. പുതിയ റബർതൈകൾ വച്ചു പിടിപ്പിച്ച തോട്ടങ്ങളിൽ ഇടവിളയായി നാലു വർഷത്തേക്കാണ് കൈതച്ചക്ക കൃഷി ചെയ്യുന്നത്. മൂവാറ്റുപുഴ, വാഴക്കുളം സ്വദേശികളാണ് മിക്ക കർഷകരും. ജെ.സി.ബി.ഉപയോഗിച്ച് മണ്ണ് ഉഴുതുമറിച്ച് ചകിരിച്ചോറും, കാലിവളവും ചേർത്താണ് കൃഷിയിറക്കുന്നത്. 30 സെന്റിമീറ്റർ ആഴത്തിൽ ചാലുകളെടുത്ത് ചെടികൾ തമ്മിൽ 30 സെന്റീമീറ്ററും, വരികൾ തമ്മിൽ 70 സെന്റീമീററ്റും അകലത്തിലാണ് നടുന്നത് . കാട്ടുപന്നികളുടെ ശല്യമുണ്ടാവാതിരിക്കാൻ ചുറ്റും സോളാർ വേലികളും സ്ഥാപിക്കും. ഒരേ സമയം പൂവിടാൻ എത്തിഫോൺ എന്ന മരുന്ന് തളിക്കും ഒരേസമയം പൂ വിട്ടാൽ ഒരേ സമയം വിളവെടുക്കാനും കഴിയും. തൈകൾ നട്ട് 18- 24 മാസങ്ങളിൽ ആദ്യ വിളവെടുപ്പ് നടത്തും അമൃത, മൗറീഷ്യസ് എന്നീയിനങ്ങളാണ് കൂടുതലയിവിടെ കൃഷി ചെയ്യുന്നത്. ഇവിടെ നിന്ന് നിരവധി ലോഡുകളാണ് ദിവസവും കയറ്റി അയച്ചുകൊണ്ടിരുന്നത്.

കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു. ലോറികൾ പലയിടത്തും തടഞ്ഞതോടെ ഇപ്പോൾ സംസ്ഥാനത്തിനുള്ളിലേക്കും ലോഡുകൾ കൊണ്ടുപോകാൻ കഴിയുന്നില്ല. പാകമായ പഴങ്ങൾ വിളവെടുക്കാൻ കഴിയാത്തതിനാൽ കർഷകരും വ്യാപാരികളും പ്രതിസന്ധിയിലായി . റബ്ബറിന്റെ വിലയിടിവു മൂലം പ്രതിസഡിയിലായ കർഷകർക്ക് ആശ്വാസമായിരുന്നു റബ്ബർതൈകൾ നട്ട് ആദ്യ നാലു വർഷങ്ങളിലെ കൈതചക്കയുടെ ഇടവിളകൃഷി.

---------

പഴുത്ത കൈതച്ചക്കകൾ വിളവെടുക്കാനാവാത്തതുമൂലം തോട്ടങ്ങളിൽ ഇവ നശിക്കുകയാണ്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാവുന്നത്.

നോബിൾ ജോസഫ്

വാഴക്കുളം സ്വദേശിയായ കർഷകൻ

--------

നല്ല വില ലഭിക്കേണ്ട വേനൽക്കാലത്ത് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ടൺ കണക്കിന് കൈതച്ചക്കയാണ് വിളവെടുക്കാനാവാതെ നശിക്കുന്നത്

തൊടുപുഴ സ്വദേശി ബാബു തോമസ്