പത്തനംതിട്ട: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ വെന്റിലേറ്റർ, പോർട്ടബിൾ വെന്റിലേറ്റർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ഉപകരണങ്ങൾ.
വീണാ ജോർജ് എം.എൽ.എ, ജില്ലാ കളക്ടർ പി.ബി.നൂഹ് എന്നിവരുമായി ബി.പി.സി.എൽ പ്രതിനിധികൾ നടത്തിയ ചർച്ചകളെ തുടർന്നാണ് നടപടി. ജില്ലാ കളക്ടറുമായുള്ള ധാരണാപത്രം അനുസരിച്ച് ബിപിസിഎൽ നൽകുന്ന 55 ലക്ഷം രൂപ ഉപയോഗിച്ച് പൊതുമേഖലാസ്ഥാപനമായ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്നും അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി ഉപയോഗപ്പെടുത്തുമെന്ന് പബ്ലിക് റിലേഷൻസ് വിഭാഗം ജനറൽ മാനേജർ ജോർജ് തോമസ് പറഞ്ഞു.
ഒരു മാസത്തിനിടെ പത്തനംതിട്ട ജില്ലയുമായി ബിപിസിഎൽ സഹകരിക്കുന്ന രാണ്ടാമത്തെ പദ്ധതിയാണ് ഇത്. ശബരിമല തീർത്ഥാടകർക്കായി തീർത്ഥാടക വിശ്രമകേന്ദ്രങ്ങളിൽ 61 ശുചിമുറികൾ സ്ഥാപിക്കുന്നതിന് അടുത്തിടെ പത്തനംതിട്ട ജില്ലാ കളക്ടറുമായി ബി.പി.സി.എൽ ധാരണാപത്രം ഒപ്പുവച്ചിരുന്നു. ബി.പി.സി.എൽ നൽകുന്ന 85 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിതികേന്ദ്രം നടപ്പാക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു കഴിഞ്ഞു. രണ്ടു പദ്ധതികൾക്കും കൂടി ആകെ 1.40 കോടി രൂപയാണ് പത്തനംതിട്ട ജില്ലയ്ക്കായി ബി.പി.സി.എൽ അനുവദിച്ചിരിക്കുന്നത്.