പത്തനംതിട്ട: വിദേശരാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തിയവരുടെ വിശദവിവരങ്ങളടങ്ങിയ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക രേഖ 'ട്രാവലേഴ്‌സ് ഡീറ്റയിൽസ്' ചോർത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്തിയതായി ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു.
രേഖ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലൂടെ പുറത്തായത് സൈബർസെൽ അന്വേഷിച്ചു. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൊറോണ കൺട്രോൾ റൂമിൽ നിന്ന് ജില്ലയിലെ വെറ്റിനറി ഡോക്ടർമാരുടേയും ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർമാരുടേയും വാട്‌സ്ആപ് ഗ്രൂപ്പുകളിലേക്ക് ഔദ്യോഗികമായി അയച്ചുകൊടുത്തിരുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തിയവരെ സംബന്ധിച്ച രഹസ്യസ്വഭാവമുള്ള ഈ രേഖ ഒരു ഉത്തരവാദിത്തപ്പെട്ട ഓഫീസറുടെ ഫോണിൽ നിന്നുമാണ് പൊതുജനങ്ങളുടെ വാട്‌സ്ആപ് അക്കൗണ്ടിൽ എത്തിയത്. അവിടെ നിന്നും വിവിധ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ സൈബർസെൽ കണ്ടെത്തി. ഔദ്യോഗികസ്വഭാവമുള്ളതിനാൽ രേഖ ആരും ഫോർവേഡ് ചെയ്യരുതെന്നും സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. രേഖ ചോർന്നതിന്റെ ഉറവിടം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്.