തിരുവല്ല : ക്ഷേത്രത്തിൽ നിത്യപൂജക്ക് പോകുന്ന ശാന്തി മുതൽ തളിവരെയുള്ള ജീവനക്കാർക്ക് സംരക്ഷണം നൽകുകയും അവശ്യ സർവീസായി പരിഗണിച്ച് സർക്കാർ ഉത്തരവ് ഇറക്കണമെന്നും തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മറ്റെല്ലാ ഡിപ്പാർട്‌മെന്റുകാർക്കും തിരിച്ചറിയൽ കാർഡ് കാണിച്ചാൽ ജോലി ക്ക് പോകാനുള്ള സൗകര്യം ഉള്ളപ്പോൾ ദേവസ്വം ജീവനക്കാരെ പൊലീസ് മർദിക്കുന്ന അവസ്ഥയുണ്ട്. ജീവൻ പണയം വെച്ചുജോലി ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുവാൻ ബോർഡ് തയാറാകണം. അല്ലാതെ പൂജാസമയം വ്യത്യാസപ്പെടുത്തിയിട്ടു കാര്യമില്ല.ശാന്തിക്കാരെ ഉൾപ്പടെയുള്ളവരെ മർദിക്കുന്നതു മാനസികസംഘർഷം ഉണ്ടാക്കുന്നു. പ്രശ്നം പരിഹരിക്കുവാൻ ദേവസ്വം ബോർഡ് തയാറായില്ലെങ്കിൽ നിത്യപൂജ ഉൾപ്പടെ മുടങ്ങുന്ന സാഹചര്യം ഉണ്ടാവും. ഏതു സാഹചര്യത്തിലും സേവനം ചെയ്യുന്ന ക്ഷേത്രജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടിയിൽ നിന്ന് പൊലീസ് പിന്മാറണമെന്നും യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മാവേലിക്കര ഗോപകുമാർ. ജന.സെക്രട്ടറി,തുളസീധരമ്പിള്ള.. ട്രെഷറർ പ്രേംജിത് ശർമ, ചവറ രാജശേഖരൻ, പുനലൂർ സുരേഷ്, മോഹനചന്ദ്രൻ നായർ, ഗോപകുമാരനുണ്ണി എന്നിവർ യോഗത്തിൽ പങ്കെടുത്തു.