തിരുവല്ല: ലോക്ക് ഡൗണിന്റെ ഭാഗമായി താലൂക്കിലാകമാനം തുടരുന്ന പൊലീസ് പരിശോധനകളിൽ 17 വാഹനങ്ങൾ കൂടി ഇന്നലെ പിടിച്ചെടുത്തു. 18 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 9 ഇരുചക്ര വാഹനങ്ങളും തിരുവല്ല സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനകളിൽ എട്ട് വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. അകാരണമായി റോഡിൽ കറങ്ങി നടന്ന ഒരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുമായി അകാരണമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുള്ളതായും വരും ദിവസങ്ങളിൽ ഉൾപ്രദേശങ്ങളിലടക്കം പൊലീസ് പരിശോധനകൾ ശക്തമാക്കുമെന്നും ഡിവൈ.എസ്.പി ജെ.ഉമേഷ് കുമാർ പറഞ്ഞു.