ചെങ്ങന്നൂർ: ഉച്ചഭക്ഷണത്തിന് വലയുന്നവർക്ക് ആശ്വാസമായി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരുണ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിലും നഗരസഭയിലുമായി ഉച്ചഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കായുള്ള ഭക്ഷണ വിതരണമാണ് ആരംഭിച്ചത്. ചെറിയനാട് മാമ്പള്ളിപ്പടിയിൽ കമ്മ്യൂണിറ്റി കിച്ചന്റെ ഉദ്ഘാടനം കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ നിർവ്വഹിച്ചു. ഭക്ഷണപൊതികളുമായി പുറപ്പെട്ട വാഹനങ്ങളുടെ ഫ്ളാഗ് ഒഫ് കരുണ സെക്രട്ടറി എൻ.ആർ.സോമൻ നായർ നിർവ്വഹിച്ചു. പ്രാദേശിക കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണ പൊതികൾ ഏറ്റുവാങ്ങിയ വോളണ്ടിയർമാർ വാർഡ് അടിസ്ഥാനത്തിൽ ആവശ്യമായ വീടുകളിൽ നേരിട്ടെത്തിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷൻ , അഗ്നിശമന നിലയം, ജില്ലാ ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിലും ഭക്ഷണ പൊതികൾ എത്തിച്ചു.