corona-

പത്തനംതിട്ട: ''ഇഷ്ടമുള്ള ആഹാരം, സ്നേഹമുള്ള ഡോക്ടർമാരും നഴ്സുമാരും. കൊറോണയെക്കുറിച്ച് അന്നന്നുള്ള വിവരങ്ങൾ ഞങ്ങൾ പത്രങ്ങളിലൂടെ അറിയുന്നു. രോഗത്തെ ഭയത്തോടെ കാണരുത്. സമാധാനമായി വീടുകളിൽ കഴിയണം. സർക്കാരിനെ അനുസരിക്കണം ''- പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുന്ന കൊറോണ രോഗികളായ ദമ്പതികൾ ഫോണിൽ പറഞ്ഞു.

രോഗവുമായി ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ മൂന്നംഗ കുടുംബത്തിലെ ഗൃഹനാഥന്റെ 65 വയസുള്ള സഹോദരനും ഭാര്യയുമാണ് ഇവർ. ഭാര്യയ്ക്ക് രോഗം ഭേദമായെങ്കിലും നിരീക്ഷണത്തിലാണ്. ഇവിടെത്തന്നെ കഴിയുന്ന മൂന്നംഗ കുടുംബത്തിന് രോഗം ഭേദമായിട്ടില്ല. ഇവരിൽ നിന്നാണ് സഹോദരനും ഭാര്യയ്ക്കും രോഗം പകർന്നത്. ഇക്കഴിഞ്ഞ ആറിനാണ് അഞ്ചു പേരെയും ആശുപത്രിയിലാക്കിയത്.

'ഭാര്യയുടെ അവസാനത്തെ രണ്ട് പരിശോധനാ ഫലവും നെഗറ്റീവായി. ഞാനും ഉടനെ നെഗറ്റീവാകും. ഇപ്പോൾ നല്ല സുഖമുണ്ട്. നല്ല ദേഹവേദനയുമായിട്ടായിരുന്നു തുടക്കം. വായിൽ കയ്പ് തോന്നി. ഭക്ഷണം കഴിക്കാൻ പറ്റാതായി. പിന്നെ, ശ്വാസംമുട്ടലും ചുമയും. ശരീരവേദന കൂടി വന്നപ്പാേൾ കൊറോണ ആണെന്നു സംശയിച്ച് ഞാനും ഭാര്യയും റാന്നിയിലെ ശംഭു ഡോക്ടറെ കണ്ടു. സഹോദരൻ ഇറ്റലിയിൽ നിന്ന് വന്നിട്ടുണ്ടെന്നും പറഞ്ഞു. ഉടനെ ഞങ്ങളെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. വേദന മാറാനും മറ്റും ആന്റിബയോട്ടിക് ഉൾപ്പെടെ കഴിക്കുന്നു. പന്ത്രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് നല്ലതു പോലെ ഭക്ഷണം കഴിക്കാനായത്' - അറുപത്തിയഞ്ചുകാരൻ പറഞ്ഞു.

മറ്റുള്ളവർക്ക് രോഗം പടർത്താതിരിക്കാൻ അവനവൻ തന്നെ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹത്തിന്റെ അറുപതുകാരിയായ ഭാര്യയ്ക്ക് പറയാനുളളത്.

അഞ്ചു പേരും പ്രത്യേകം മുറികളിലാണ് കഴിയുന്നത്. മൊബൈൽ ഫോണുകൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ അര മണിക്കൂർ ബന്ധുക്കളുമായി സംസാരിക്കാൻ അനുവദിക്കും. എല്ലാവരുടെയും രോഗം ഭേദമാകുമ്പോൾ ഒരുമിച്ച് ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസ് പറഞ്ഞു.

കമന്റ്

.................

ഒരാൾക്ക് രോഗം വന്നാൽ മറ്റുളളവർക്കും വരും. കുറച്ചുദിവസം വീട്ടിൽത്തന്നെ ഇരിക്കാൻ സർക്കാർ പറഞ്ഞത് അനുസരിക്കുക. റാന്നിയിൽ ഞങ്ങളുടെ കുടുംബത്തിനു പുറത്ത് ഒരാൾക്കും ഞങ്ങളിൽ നിന്ന് രോഗം പകരാതിരുന്നതിൽ സന്തോഷമുണ്ട്. ഐത്തലക്കാർ ഞങ്ങളെ അകറ്റി നിറുത്തില്ല. എല്ലാവരുമായും നല്ല സ്നേഹത്തിലാണ് '.

- ആശുപത്രിയിൽ നിന്ന് ദമ്പതികൾ