അടൂർ : വൃദ്ധമാതാപിതാക്കളും രണ്ട് കുട്ടികളും വീട്ടമ്മയും അടങ്ങുന്ന കുടുംബത്തിന് കൈത്താങ്ങായി അടൂർ ജന മൈത്രി പൊലീസ്.മിത്രപുരം നാൽപ്പതിനായിരംപടിക്ക് സമീപമുള്ള കിണറുവിള താഴേതിൽ വീട്ടിൽ സാലിയുടെ കുടുംബത്തിനാണ് പൊലീസിന്റെ സഹായം ലഭിച്ചത്. ഭർത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മ പുറത്തുപോയി അല്ലറചില പണികൾ ചെയ്തും വൃദ്ധമാതാപിതാക്കൾക്ക് ലഭിക്കുന്ന സാമൂഹ്യ പെൻഷനും കൊണ്ടാണ് കുടുംബം കഴിഞ്ഞു പോയിരുന്നത്. രോഗം ബാബാധിച്ച മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിനൊപ്പം അഞ്ചിൽ പഠിക്കുന്ന മകളും മൂന്നിൽ പഠിക്കുന്ന മകനുമുണ്ട്. കടയിലെ പറ്റ് വർദ്ധിച്ചതോടെ വീണ്ടും പോയി കടം ചോദിക്കാൻ ഈ വീട്ടമ്മയുടെ ആത്മാഭിമാനം അനുവദിച്ചില്ല. ഒടുവിൽ ഈ കുടുംബം പട്ടിണിയിലേക്ക് വീണതറിഞ്ഞാണ് ജനമൈത്രി പൊലീസ് സ്വന്തം പോക്കറ്റിൽ നിന്നും പണം സ്വരൂപിച്ച് കുട്ടികൾക്ക് പാലും ബിസ്ക്കറ്റും, ഒപ്പം ഏതാനും ദിവസത്തേക്ക് അരി ഉൾപ്പെടെയുള്ള എല്ലാ അവശ്യ സാധനങ്ങളും വാങ്ങിനൽകിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ യു.ബിജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ,ഫിറോസ് കെ.മജീദ് എന്നിവർ നേരിട്ടെത്തിയാണ് ഇവർ സാധനങ്ങൾ കടംവാങ്ങിയ കടയിൽ നിന്നും തന്നെ പണം നൽകി സാധനങ്ങൾ വാങ്ങിനൽകിയത്.