മല്ലപ്പള്ളി : പഞ്ചായത്ത് പരിധിയിൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത കൊറോണാ നിരീക്ഷണത്തിൽ ഉള്ളവരെയും അതേ വീടുകളിലുള്ള മറ്റുവരുടെയും ആവശ്യങ്ങൾക്കായി സന്നദ്ധസേനയെ നിയമിച്ചു. ഇന്നലെ രാവിലെ വിവിധ സന്നദ്ധസേനാ നേതാക്കളുമായി പഞ്ചായത്ത് ഓഫീസിൽ നടന്ന ആലോചനയിൽ പാകം ചെയ്ത ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നതിന് 56 പേരുടെ ആദ്യഘട്ട ലിസ്റ്റ് തയാറാക്കി. ഒരു വാർഡിൽ രണ്ട് യുവാക്കൾ ഒന്നിടവിട്ട ദിവസങ്ങളിൽ വിതരണചുമതല ഏറ്റെടുക്കും.താലൂക്ക് ആശുപത്രിയിൽ നിന്നും ക്രമമായി മരുന്നുകൾ വാങ്ങിവരുന്ന രണ്ടായിരത്തോളം ആളുകൾക്ക് പാലിയേറ്റിവ് വോളന്റിയർമാരുടെ സഹകരണത്തോടെ മരുന്നുകൾ വീടുകളിലെത്തിക്കും. കമ്യൂണിറ്റി കിച്ചണിൽ തയാറാക്കുന്ന വിഭവങ്ങൾ ആവശ്യമുള്ളവരുടെ പട്ടിക അതാത് വാർഡ്‌മെമ്പർമാർ, കുടുബശ്രീ സി.ഡി.എസ്. അംഗങ്ങൾ, ആശാ പ്രവർത്തകർ എന്നിവരുടെ സംയുക്ത സമിതി പരിശോധിച്ച് അംഗീകാരം നൽകും.