അടൂർ : നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ച അങ്ങാടിക്കൽ സ്വദേശി ഇത് ധിക്കരിച്ചതിനെ തുടർന്ന് കൊടുമൺ പൊലീസ് കേസെടുത്തു. ഒരാഴ്ച മുൻപ് വിദേശത്തുനിന്നെത്തിയ ഇയാൾ കർശനമായും 28 ദിവസം വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ ഇൗ നിർദ്ദേശം ലംഘിച്ച് ഇയാൾ വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങിയത് കണ്ട നാട്ടുകാർ പൊലീസിന് നൽകിയ വിവരത്തെ തുടർന്നാണ് കേസ് . വാഹന പരിശോധന കർശനമാക്കിയതോടെ നിരത്തിൽ കറങ്ങാൻ ഇറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങി. വ്യക്തമായ കാരണം കാണിക്കാൻ കഴിയാതിരുന്ന 29 വാഹനങ്ങൾ ഇന്നലെ അടൂർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും രണ്ട് കാൽനട യാത്രക്കാർ ഉൾപ്പെടെ 31 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കൊടുമൺ പൊലീസ് 15 വാഹനങ്ങൾ പിടിച്ചെടുത്തു. അത് ഒാടിച്ചവർക്കെതിരെ കേസെടുത്തു. ഏനാത്ത് പൊലീസ് 15 വാഹനങ്ങൾ പിടിച്ചെടുത്തു. വാഹനങ്ങൾ കൂടുതൽ കസ്റ്റഡിയിലായതോടെ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നു തിരിയാൻ ഇടമില്ലാതെ നിറയുകയാണ്.