തിരുവല്ല : ലോക്ക് ഡൗണിന്റെ മറവിൽ നിത്യോപയോഗ സാധനങ്ങൾ വില കൂട്ടി വിൽക്കുന്ന കച്ചവടക്കാർക്കെതിരെയും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെയും നടപടിയുമായി പൊതുവിതരണ വകുപ്പ്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത 10 സ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് താലൂക്ക് സപ്ലെ ഓഫീസ് അധികൃതർ ജില്ലാ കളക്ടർക്ക് കൈമാറി. പല ഇടങ്ങളിലും പച്ചക്കറികളും ഇറച്ചിക്കോഴിയും വില കൂട്ടി വിൽക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.കഴിഞ്ഞ നാല് ദിവസത്തിനിടെ ചെറിയ ഉള്ളിയുടെ വില 60ൽ നിന്നും 120ലേക്ക് കുതിച്ചുയർന്നിട്ടുണ്ട്.കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താലൂക്കിൽ 50 മുതൽ 55 വരെയായിരുന്നു ഇറച്ചിക്കോഴിയുടെ വില. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ 90 മുതൽ 102 രൂപ വരെയായി ഇറച്ചിക്കോഴിയുടെ വില ഉയർന്നിട്ടുള്ളതായും പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. അവശ്യ വസ്തുക്കൾ വില കൂട്ടി വിൽക്കുന്നവർക്കെതിരെയും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലെ ഓഫീസർ മായാദേവി പറഞ്ഞു.ഗോതമ്പ് പൊടിയും പയർ വർഗങ്ങളും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ വിലകൂട്ടി വിൽക്കുന്നതായ നിരവധി പരാതികൾ കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. അതേസമയം മൊത്തക്കച്ചവടക്കാർ സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചതാണ് വിലക്കയറ്റത്തിന് ഇടയാക്കുന്നതെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നു.