അരുവാപ്പുലം: കാടിനുള്ളിൽ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസികൾക്ക് ഭക്ഷണമെത്തിച്ചത് എം.എൽ.എയും കളക്ടറും. കോന്നി നിയോ ജകമണ്ഡലത്തിലെ ആവണിപ്പാറ ആദിവാസി കോളനിയിലുള്ളവരുടെ അടുത്തേക്കാണ് കെ.യു. ജനീഷ് കുമാർ എം.എൽ.എയും, ജില്ലാ കളക്ടർ പി.ബി.നൂഹും എത്തിയത്. കോളനിയിൽ ഭക്ഷണ സാധനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പഞ്ചായത്തംഗം പി.സിന്ധുവാണ് എം.എൽ.എയെ അറിയിച്ചത്. വിവരം അറിഞ്ഞപ്പോൾ എം.എൽ.എയ്‌ക്കൊപ്പം താനും വരികയാണെന്ന് കളക്ടർ അറിയിച്ചു. വോളന്റിയർമാരുടെ സഹായത്തോടെ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കോന്നിയിൽ നിന്ന് ഭക്ഷ്യ സാധനങ്ങളുമായി ആവണിപ്പാറയ്ക്ക് തിരിച്ചു.
അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിലുൾപ്പെടുന്ന ആവണിപ്പാറ ആദിവാസി കോളനിയിൽ 37 കുടുംബങ്ങളാണ് ഉള്ളത്. അച്ചൻകോവിലാറ് കടന്ന് വനത്തിലൂടെ നടന്നു മാത്രമേ കോളനിയിൽ എത്താൻ കഴിയു.
കോളനിയിലെ മുഴുവൻ വീടുകളലുമെത്തി സാധനങ്ങൾ നൽകി. ചില വീടുകളിൽ കുട്ടികൾക്ക് പനി ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് മെഡിക്കൽ ടീമിനെ വിളിച്ചു വരുത്തി പരിശോധന നടത്തി.
എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ: എബി സുഷൻ, കോന്നി തഹസിൽദാർ ഇൻ ചാർജ്ജ് റോസ്ന ഹൈദ്രോസ്, ഗ്രാമ പഞ്ചായത്തംഗം പി.സിന്ധു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു