തിരുവല്ല: ഡ്യൂട്ടികഴിഞ്ഞ് തിരികെ വീട്ടിലേക്ക്‌പോയ ക്ഷേത്രജീവനക്കാരനെ തിരുവല്ല പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെ 10ന് എസ്.സി.എസ് ജംഗ്ഷനിൽ ഡ്യൂട്ടിക്ക്നിന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനാണ് തിരുവല്ല മന്നൻകരചിറ കേശവപുരം ക്ഷേത്രത്തിലെ കഴകക്കാരൻ അനിൽകുമാറിനെ അറസ്റ്റുചെയ്ത് വാഹനം പിടിച്ചുവെച്ചത്. താൻ ക്ഷേത്ര ജീവനക്കാരനാണെന്നും ഡ്യൂട്ടികഴിഞ്ഞ് തിരികെ പോവുകയാണെന്നും പറഞ്ഞപ്പോൾ പൊലീസുകാർമോശമായി പെരുമാറിയെന്നും ജീവനക്കാരൻ പറഞ്ഞു. സംഭവം അറിഞ്ഞ് ക്ഷേത്രത്തിലെ മേൽശാന്തി ഹരികുമാർ സ്റ്റേഷനിൽ എത്തി അനിലിനെ ജാമ്യത്തിലിറക്കിയെങ്കിലും വാഹനം തിരികെ നൽകാൻ പൊലീസ് തയാറായില്ല. തുടർന്ന് നഗരസഭ ചെയർമാൻ ഉൾപ്പെടയുള്ളവർ സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടാകത്തതിനാൽ ജില്ലാ പൊലീസ് മേധാവിക്ക് ദേവസ്വം ജീവനക്കാരുടെ സംഘടനകൾ പരാതി അറിയിച്ചതിനെ തുടർന്നാണ് വാഹനം വിട്ടുനൽകുകയും കേസ് ഒഴിവാക്കുകയും ചെയ്തത്.