ഇലവുംതിട്ട : കൊറോണ ഭീഷണിക്കിടയിലും ഉളനാട് വാലു വിളയിൽ കുഞ്ഞാമ്മ എന്ന എഴുപത്തെട്ടുകാരിക്ക് തുണയേകി ഇലവുംതിട്ട ജനമൈത്രി പൊലീസ്.26 വർഷം മുമ്പ് ഭർത്താവ് മരിച്ച ഇവർക്ക് നാല് മക്കളാണ്. ഒരു മകൻ നാട് വിട്ട് പോയി. അനിയൻ വികെയാണ് അമ്മയെ നോക്കിയിരുന്നത്. ഇയാൾ പത്ത് വർഷം മുമ്പ് മരിച്ചു. അന്നു മുതൽ അമ്മ ഒറ്റക്കാണ്. പ്രായാധിക്യവും മറ്റ് രോഗവും പിടികൂടി അവശനിലയിലായ വിവരം വാർഡ് മെമ്പർ പോൾ രാജനാണ് ജനമൈത്രി പൊലീസിനെ അറിയിക്കുന്നത്. ഇലവുംതിട്ടഎസ്.ഐ കെ.ആർ അശോക് കുമാർ ,വിനീത് വി, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ ,ആർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞാമ്മയെ ഏറ്റെടുത്തത്. ഉളനാട് വാർഡ് മെമ്പർ പോൾ രാജൻ, എ.ഡി എസ് പ്രസിഡന്റ് നന്ദിനി സുഗതൻ, ആശ വർക്കർമാരായ ലിനി തോമസ്,സിന്ധു അനിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കിടങ്ങന്നൂർ കരുണാലയം അഭയകേന്ദ്രത്തിലെത്തിച്ചു.