>> ഭക്ഷ്യസാധനങ്ങൾ കിട്ടാനില്ല
>> സാമൂഹ്യ അടുക്കളയില്ല
>> കുടുങ്ങിയത് മുന്നൂറോളം കുടുംബങ്ങൾ
പത്തനംതിട്ട: സഞ്ചാരികൾക്ക് സുന്ദര കാഴ്ചകളുടെ സുഖം പകരുന്ന ഗവിയെ കൊറോണ വറുതിയുടെ വക്കിലാക്കി. ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷ്യസാധനങ്ങൾ കിട്ടാനില്ലാത്തതിനാൽ ഗവിയിലെ മുന്നൂറോളം കുടുംബങ്ങളെ പട്ടിണി തുറിച്ചുനോക്കുന്നു. ആദിവാസി മേഖലകളിൽ ഭക്ഷ്യ സാധനങ്ങളുമായി കയറിയിറങ്ങുന്ന ജില്ലാഭരണകൂടം തങ്ങളെ അവഗണിക്കുകയാണെന്ന് ഗവി നിവാസികളുടെ പരാതി. ആരോഗ്യ പ്രവർത്തകരെത്തി കൊറോണ രോഗത്തെക്കുറിച്ച് ക്ളാസെടുത്ത ശേഷം വീടിന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി പോയതൊഴിച്ചാൽ ആളുകളുടെ ജീവിതം എങ്ങനെയെന്ന് സർക്കാർ അന്വേഷിച്ചിട്ടില്ല.
ജനതാ കർഫ്യു പ്രഖാപിച്ച ശേഷം ആങ്ങമൂഴിയിൽ നിന്നും വണ്ടിപ്പെരിയാറിനടുത്ത് വളളക്കടവിൽ നിന്നും ഗവിയിലേക്കുളള പ്രവേശന കവാടങ്ങൾ അടച്ചിരിക്കുകയാണ്. ഗവിയിലേക്കുളള രണ്ട് കെ.എസ്.ആർ.ടി.സി ബസുകളും നിറുത്തി. ഇതോടെ കൂലിത്തൊഴിലാളികളായ ഗവി നിവാസികൾക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തേക്കിറങ്ങാൻ മാർഗമില്ലാതായി. ഗവിയിലെ സഹകരണ ബാങ്കിന്റെ നീതി സ്റ്റോറിലും ലയത്തിലെ ഒരു കടയിലും സാധനങ്ങൾ രണ്ട് ദിവസത്തേക്കുളള സ്റ്റോക്ക് മാത്രമേയുളളൂ.
ഗവിയിലുളളവർക്ക് സാധനങ്ങൾ വാങ്ങാൻ ഏറ്റവും അടുത്ത് കടകൾ ഉളളത് വണ്ടിപ്പെരിയറിലാണ്. ലോക്ക് ഡൗണിനെ തുടർന്ന് കെ.എഫ്.ഡി.സിയുടെ പാസുളള ഒരാളെ മാത്രമേ വളളക്കടവ് ചെക്ക് പോസ്റ്റ് വഴി പുറത്തേക്കു വിടുകയുളളൂ. പ്രദേശവാസികളുടെ ഒാട്ടോറിക്ഷയിൽ 30 കിലോമീറ്റർ താണ്ടണം വണ്ടിപ്പെരിയാറിലെത്താൻ. വെയിറ്റിംഗ് ചാർജ് ഉൾപ്പെടെ ഒാട്ടാേക്കൂലി മാത്രം 1200രൂപയാകും. വണ്ടിപ്പെരിയാറിൽ സാധനങ്ങൾക്ക് തീവിലയാണ്. ഒരു ലിറ്റിർ വെളിച്ചെണ്ണയ്ക്ക് 400 രൂപ വാങ്ങിയെന്ന് ഗവി എസ്റ്റേറ്റിലെ തൊഴിലാളിയായ രാമജയം പറഞ്ഞു. ഒാട്ടോക്കൂലിയും സാധനവിലയും താങ്ങാനാവാത്തതായി.
സീതത്തോട് പഞ്ചായത്തിലാണ് ഗവി. സീതത്തോട് ജംഗ്ഷനിലേക്ക് 60കിലോമീറ്റർ ദൂരമുണ്ട്. ഒാട്ടോയിൽ ഇവിടെയെത്തി സാധനങ്ങൾ വാങ്ങുന്നതിന് വണ്ടിപ്പെരിയാറിലേതിനേക്കാൾ ഇരട്ടിച്ചെലവാകുമെന്ന് ഗവി നിവാസി പുണ്യരാജ് പറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സീതത്തോട് പഞ്ചായത്തിൽ നിന്ന് ഗവിയിൽ എത്തിച്ചു നൽകുമെന്ന പ്രഖ്യാപനം നടപ്പായില്ല.
എം.എൽ.എയും കളക്ടറും ഗവിയിലെത്തുമോ?
കോന്നി നിയോജകമണ്ഡലത്തിലാണ് ഗവി. മണ്ഡലത്തിലെ ഒറ്റപ്പെട്ട പ്രദേശമായ ആവണിപ്പാറ ആദിവാസി കോളനിയിലേക്ക് സാധനങ്ങൾ ചുമന്ന് അച്ചൻകോവിലാർ കുറുകെ കടന്ന കെ.യു.ജനീഷ് കുമാർ എം.എൽ.എയോടും ജില്ലാ കളക്ടർ പി.ബി.നൂഹിനോടും ഗവി നിവാസികളും ഭക്ഷ്യവസ്തുക്കൾ ചോദിക്കുന്നു. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ആയിരത്തിലേറെ ആളുകൾ അടങ്ങുന്ന തങ്ങളുടെ ദുരിതചിത്രം ആരും കാണുന്നില്ലെന്നാണ് ഗവിക്കാരുടെ ആക്ഷേപം. അടിയന്തരമായി ഭക്ഷ്യവസ്തുക്കൾ എത്തിച്ചില്ലെങ്കൽ ഗവിയിൽ പട്ടിണി മരണം സംഭവിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
>> സാമൂഹ്യ അടുക്കള വേണം
ഗവിയിൽ സാമൂഹ്യ അടുക്കള തുടങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമവും ഗവിയിൽ നിന്ന് പുറത്ത് പോകാൻ പറ്റാത്ത സാഹചര്യവും കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഇടപെടണം.
>> ഡിസ്പെൻസറിയിൽ ഡോക്ടറില്ല
ഗവിയിലെ ഏക ആരോഗ്യ ഡിസ്പെൻസറിയിൽ സ്ഥിരം ഡോക്ടർ ഇല്ല. കൊറോണക്കാലത്ത് പനി ലക്ഷണങ്ങളുമായി വന്നാലും നഴ്സ് നൽകുന്ന വേദനസംഹാരികളാണ് ഗവിക്കാർക്കുളള മരുന്ന്. ജനതാ കർഫ്യുവിന് മുൻപ് വരെയും വിദേശികളടക്കമുളള വിനോദ സഞ്ചാരികൾ ഗവിയിലെത്തിയിരുന്നു. ഗവി ഭൂസമര സമിതി നടത്തിയ സമരത്തെ തുടർന്ന് ബുധൻ, വെളളി ദിവസങ്ങളിൽ സീതത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ ഗവി ഡിസ്പെൻസറിയിൽ ഡ്യൂട്ടിക്കിട്ടിരുന്നു. പിന്നീട് അത് മാസത്തിലാെരിക്കലായി.