പത്തനംതിട്ട: ഇവിടെ എല്ലാവർക്കും സുഖമാണ്. എല്ലാ ആവശ്യ സാധനങ്ങളും ലഭിക്കുന്നുണ്ടെന്ന് ഇതര സംസ്ഥാന തൊഴിലാളി ബബ്ലു പറയുന്നു. വെണ്ണിക്കുളം പാട്ടക്കാലായിലെ വീട്ടിൽ ബബ്ലു അടക്കം ഏഴ് പേർ ഉണ്ട് കോൺട്രാക്ടർ ബിനുവിന്റെ കൂടെ. അവർക്കാവശ്യമായ എല്ലാ സാധനങ്ങളും ലോക്ക് ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ചപ്പോൾ മുതൽ ബിനു എത്തിച്ച് കൊടുക്കുന്നുണ്ട്.
വീട്ടിലെ എല്ലാവരെയും കാണണമെന്ന് ആഗ്രഹം ഉണ്ട്, ഇവിടെ ഞങ്ങൾക്ക് പ്രശ്നം ഒന്നും ഇല്ല. മാത്രവുമല്ല കാര്യത്തിന്റെ ഗൗരവം ഞങ്ങൾക്ക് മനസിലാകുന്നുണ്ട്. നാട്ടിലോട്ട് വിളിച്ച് സംസാരിക്കാറുണ്ട്. അവിടെ പ്രശ്നം ഒന്നും ഇല്ല. ജോലി ഇല്ലാത്തതാണ് ഇവരുടെ ഏക വിഷമം. ബബ്ലുവിനെ കൂടാതെ ബംഗാളിൽ നിന്നുള്ള കൃഷ്ണ, കൃഷ്ണ സോറൻ, മൈക്കിൾ, ബാബു ലാൽ, സുനിറാം എന്നിവരും തമിഴ്നാട് സ്വദേശി രാമസ്വാമിയും ഇവിടുണ്ട്. രാമസ്വാമി എട്ട് വർഷമായി പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലുമായി ജോലി ചെയ്യുന്നയാളാണ്. ലോക്ക് ഡൗണിൽ ഇവരോടൊപ്പം പെട്ടു പോയതാണെന്ന് രാമസ്വാമി പറയുന്നു. എല്ലാവർക്കും രോഗം പെട്ടന്ന് മാറണമെന്നാണ് ആഗ്രഹമെന്ന് ഇവർ പറയുന്നു. ഒരു പാട് പേർ പോയതായി അറിഞ്ഞു. പക്ഷെ ഇവിടെ അങ്ങനെ പോകേണ്ട കാര്യം ഉള്ളതായി തോന്നുന്നില്ലെന്ന് ഇവർ പറയുന്നു. കോൺട്രാക്ടർ ബിനുവും ഇവരെ താമസിപ്പിച്ചതിന്റെ അടുത്താണ് താമസം. എന്ത് ആവശ്യത്തിനും വിളിക്കണമെന്ന് പറഞ്ഞേൽപ്പിച്ചിട്ടാണ് ബിനു പോകുന്നത്.