പത്തനംതിട്ട: പണം എടുക്കേണ്ട അത്യാവശ്യമില്ലെങ്കിൽ എ.ടി.എമ്മിലേക്ക് ഒാടേണ്ടെന്ന് പത്തനംതിട്ട ലീഡ് ബാങ്ക് മാനേജർ വി. വിജയകുമാരൻ. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ബാങ്കുകളിലേക്കും പോകേണ്ട.
സർക്കാർ അനുവദിച്ച വിവിധ പെൻഷനുകൾ, ധനസഹായങ്ങൾ തുടങ്ങിയവ ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ബാങ്കുകളിൽ ആളുകൾ കൂട്ടം കൂടുന്നതും കറൻസി നോട്ടുകളുടെ അനാവശ്യ കൈകാര്യവും കൊറോണ രോഗവ്യാപനത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. അക്കൗണ്ടിൽ വന്നിട്ടുള്ള തുക ഗുണഭോക്താക്കൾ ആവശ്യത്തിനുമാത്രം പിൻവലിച്ചാൽ മതി. തുക പിൻവലിച്ച് വീട്ടിൽ വയ്ക്കുന്നതിനേക്കാൾ സുരക്ഷിതമായി അക്കൗണ്ടിൽ തന്നെ സൂക്ഷിക്കാം.
ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ വന്ന തുക അവർ പിൻവലിക്കാത്തതു മൂലം ഒരു കാരണവശാലും തിരികെ സർക്കാരിലേക്കു പോകില്ല. അക്കൗണ്ടിൽ പണം വന്നിട്ടുണ്ടോ, അക്കൗണ്ടിൽ എത്ര തുക ബാലൻസ് ഉണ്ട് എന്നിവ അറിയാൻ ബാങ്കിൽ നേരിട്ടു പോകാതെ ഫോണിലൂടെ അറിയാൻ ശ്രമിക്കണമെന്നും ലീഡ് ബാങ്ക് മാനേജർ പറഞ്ഞു.
ലോക്ക് ഡൗൺ കാലത്ത് ബാങ്കുകളിൽ നടക്കുന്നത്
പണം പിൻവലിക്കൽ/ നിക്ഷേപിക്കൽ/ ക്ലിയറിംഗ്, ഡിഡി/നെഫ്റ്റ്/ ആർടിജിഎസ്.
പാസ്ബുക്ക് ഇപ്പോൾ പതിക്കുന്നതല്ല.
ബാങ്കിലോ, എ.ടി.എമ്മിലോ പോകുന്നപക്ഷം സാമൂഹിക അകലം പാലിക്കാനും കൈകൾ കഴുകാനും ശ്രമിക്കുക.
ഒരേസമയം അഞ്ചു വ്യക്തികൾക്കു മാത്രമായിരിക്കും ബാങ്കിൽ പ്രവേശനം അനുവദിക്കുന്നത്.
പണം കൈമാറ്റം ചെയ്യുന്നതിന് ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ തുടങ്ങിയവ ഉപയോഗിക്കണം.