പത്തനംതിട്ട: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി വിവിധ വകുപ്പുകൾ സഹായമൊരുക്കി. തദേശസ്വയംഭരണം, ആരോഗ്യം, റവന്യൂ, തൊഴിൽ വകുപ്പുകളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധനയിലൂടെ രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന തൊഴിലാളികളെ ജില്ലയിലെ ആറു താലൂക്കുകളിലായി ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളിലാണ് നിരീക്ഷണത്തിനായി പാർപ്പിക്കുക. കൂടാതെ റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരും ഭിക്ഷാടകരുമായ ആളുകളെയും പ്രത്യേകം സംരക്ഷിക്കും.

തിരുവല്ലയിൽ അതിഥി തൊഴിലാളികളെ നിരീക്ഷണത്തിൽ പാർപ്പിക്കാനായി ഡയറ്റ് യു.പി.എസ് ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ അഞ്ച് പേരാണു മൂന്നു മുറികളിലായി നിരീക്ഷണത്തിലുള്ളത്. അലഞ്ഞുതിരിഞ്ഞു നടന്നവരെ പാർപ്പിക്കാനായി തിരുവല്ല കാവുംഭാഗം ഗവ.എൽ.പി സ്‌കൂൾ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ അഞ്ചുപേരാണുള്ളത്. ഇവർക്കുള്ള ഭക്ഷണം, കുടിവെള്ളം തുടങ്ങിയ അവശ്യസാധനങ്ങൾ ലഭ്യമാക്കേണ്ട ചുമതല തിരുവല്ല നഗരസഭയ്ക്കാണ്. മരുന്നുകളും മറ്റും ആരോഗ്യവിഭാഗവും ഒരുക്കും.

കോഴഞ്ചേരി താലൂക്കിലെ തൈക്കാവ് ഗവ. എച്ച്.എസ്.എസ്, കുമ്പഴ മൗണ്ട് ബഥനി എന്നിവിടങ്ങളിലായാണ് നിരീക്ഷണത്തിലുള്ള അതിഥി തൊഴിലാളികൾ, നിരാശ്രയരായവർ എന്നിവരെ പാർപ്പിക്കുക. റാന്നി, കോന്നി, അടൂർ, മല്ലപ്പള്ളി എന്നിവിടങ്ങളിൽ ഈ രണ്ടു വിഭാഗക്കാർക്കും പ്രത്യേകം ബിൽഡിംഗുകളിലാണ് താമസ സൗകര്യം. ഇവർക്കുള്ള ഭക്ഷണം, വെള്ളം, അവശ്യസാധനങ്ങളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും മരുന്ന് ആരോഗ്യവിഭാഗവും നൽകും. ഓരോ താലൂക്കുകളിലേയും അസിസ്റ്റന്റ് ലേബർ ഓഫീസറന്മാരാണ് ഇതിന്റെ നോഡൽ ഓഫീസറന്മാരായി ചുമതല വഹിക്കുക. ജില്ലയിലെ അതിഥി തൊഴിലാളികൾ താമസിച്ചുവരുന്നയിടത്ത് തന്നെ തുടരണം. സ്‌പോൺസർ ഉള്ള തൊഴിലാളികളുടെ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്‌പോൺസർമാർ വഹിക്കണം.

അന്യസംസ്ഥാനക്കാർക്കുള്ള

താമസകേന്ദ്രങ്ങൾ

തിരുവല്ല ഡയറ്റ് യു.പി.എസ്, കാവുംഭാഗം ഗവ. എൽ.പി സ്‌കൂൾ, കോഴഞ്ചേരി തൈക്കാവ് ഗവ.എച്ച്.എസ്.എസ്, കുമ്പഴ മൗണ്ട് ബഥനി, കോന്നി ഗവ. എച്ച്.എസ്.എസ്, റാന്നി എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, മല്ലപ്പള്ളി കീഴ്വായ്പ്പൂർ എൽ.പി, യു.പി എച്ച്.എസ്.എസ്, പന്തളം മങ്ങാരം ഗവ.യു.പി.എസ്.