mla

അടൂർ : യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ ഇടുങ്ങിയ മുറികളിൽ ദുരിതജീവിതം നയിച്ചുവന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി ചിറ്റയം ഗോപകുമാർ എം. എൽ. എയും ഉദ്യോഗസ്ഥ സംഘവും. പൊലീസ് , റവന്യൂ പഞ്ചായത്ത്, ആരോഗ്യവിഭാഗം അധികൃതരെ ഏകോപിപ്പിച്ചാണ് ആവശ്യമായ നടപടി സ്വീകരിച്ചത്. ഏഴംകുളം ഗ്രമപഞ്ചായത്തിലെ ഏനാത്ത് മുസ്ളീം പള്ളിയോട് ചേർന്നുള്ളകെട്ടിടത്തിലെ 17 മുറികളിലായി നൂറ് പേരും എഴംകുളത്ത് എംസൺ ആഡിറ്റോറിയത്തിനോട് ചേർന്നുള്ള കെട്ടിടത്തിലെ 20 മുറികളിലായി 63 പേരുമാണ് ദുരിതജീവിതം നയിച്ച് വന്നത്. ആരോഗ്യ വകുപ്പിന്റെയും കേന്ദ്രസംസ്ഥാന സർക്കാരുകളും കൊറോണാ ബാധയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച എല്ലാ നിബന്ധനങ്ങളും കാറ്റിൽ പറത്തിയാണ് ഇവരെ താമസിപ്പിച്ചുവന്നത്. ലോക്ക് ഡൗണോടെ ജോലിയും നഷ്ടമായി ഇടുങ്ങിയ മുറികളിൽ മതിയായ ഭക്ഷണത്തിനുപോലും വകയില്ലാതെ വലഞ്ഞ ഇവരെ ഏറെ വലച്ചത് സാമൂഹ്യ അകലം പാലിക്കണമെന്ന നിബന്ധനയാണ്. എന്നാൽ ഏനാത്തെ കെട്ടിടത്തിൽ ഒരു മുറിയിൽ 5 മുതൽ ഏഴ്പേർവരെയാണ് താമസിച്ചുവന്നത്. പായ് വിരിച്ച് തറയിൽ നിരനിരയായി ഏറെ ബുദ്ധിമുട്ടിയാണ് ഇവർ കിടക്കുന്നത്. പരിസരമാകട്ടെ ഏറെ വൃത്തിഹീനവും. ഇത് സംബന്ധിച്ച് സമീപവാസികളും പരാതിയുമായി എത്തിയിരുന്നു.ബന്ധപ്പെട്ട ഉദ്യഗസ്ഥരുമായി സ്ഥലത്തെത്തിയ എം. എൽ.എ ഇവരുടെ താമസ സൗകര്യം വിപുലപ്പെടുത്താൻ നടപടി സ്വീകരിച്ചു. തുടർന്ന് ഏനാത്ത് നിലവിൽ താമസിച്ചു വന്ന മുറികളിൽ രണ്ടുപേർ വീതവും ശേഷിച്ചവർക്ക് സുരക്ഷിതമായി താമസിക്കാൻ തൊട്ടടുത്തുള്ള സ്വകാര്യ സ്കൂളിലും യു. ഐ. ടി കോളേജ് ഹോസ്റ്റലിലും താൽക്കാലിക താമസത്തിന് സൗകര്യം ഏർപ്പെടുത്തി.

എം.എൽ.എയ്ക്കൊപ്പം ഡിവൈ. എസ്. പി ജവഹർ ജനാർഡ്, സി. ഐ ജയകുമാർ, ഡെപ്യൂട്ടി തഹസീൽദാർ സാം, ഏഴംകുളം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ലത,സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ മോഹനൻ, സി. പി. ഐ.ജില്ലാ അസി. സെക്രട്ടറി ഡി. സജി, എന്നിവരും ഉണ്ടായിരുന്നു.

സ്പോൺസർമാർ ഉള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്പോൺസർമാർ ഭക്ഷണം ലഭ്യമാക്കണം. അല്ലാത്തവർക്ക് സാമൂഹ്യ അടുക്കളയിൽ നിന്ന് തൽക്കാലം ഭക്ഷണം ലഭ്യമാക്കും. ജില്ലാ കളക്ടറുമായി ആലോചിച്ച് ഇവർക്ക് മാത്രമായി അടൂരിലും പന്തളത്തും പ്രത്യേക കിച്ചൺ ഒരുക്കി ഭക്ഷണം ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കും.

ചിറ്റയം ഗോപകുമാർ എം. എൽ. എ