ithala

പത്തനംതിട്ട: ജില്ലയിൽ കൊറോണ ആദ്യം റിപ്പോർട്ട്‌ ചെയ്ത റാന്നി ഐത്തലയിലെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബം താമസിച്ച രണ്ടുവീടുകൾ ഫയർഫോഴ്‌സിന്റെയും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അണുവിമുക്തമാക്കി. വീടുകളുടെ അകത്തും പരിസരത്തും സോഡിയം ഹൈപ്പോ ക്ലോറേറ്റിന്റെ നേർപ്പിച്ച ലായനി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്‌പ്രേ ചെയ്തു.

ഇറ്റലിയിൽ നിന്നെത്തിയ കുടുംബാഗങ്ങൾ സ്പർശിക്കാൻ ഇടയുള്ള വീടിന്റെയും പരിസരത്തെയും എല്ലാ വസ്തുക്കളിലും അണുനാശിനി തളിച്ചു. വീടിന് അകത്ത് കുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന ബെഡ്ഷീറ്റ്, കസേര പോലെയുള്ളവ സുരക്ഷിതമായി വീടിനു പുറത്ത് കൊണ്ടുവന്ന് അണുനാശിനി തളിച്ചു. പഴവങ്ങാടി പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. അബിതമോൾ, ഡോ.എബിൻ മാത്യു, ഹെൽത്ത് ഇൻപെക്ടർ വിനോദ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻപെക്ടർമാരായ മജിൻസ് മാത്യു, അഗസ്റ്റിൻ എന്നിവർ മുൻകരുതലിന്റെ ഭാഗമായ മാർഗനിർശങ്ങൾ നൽകി.

പത്തനംതിട്ട ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ വി.വിനോദ്കുമാർ, റാന്നി ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ ഓമനക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തു പേരടങ്ങുന്ന സംഘമാണ് അണുനാശിനി സ്‌പ്രേ ചെയ്തത്. സിവിൽ ഡിഫൻസ് വാളണ്ടിയറും പങ്കാളിയായി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ബോബി എബ്രഹാം, മുൻ പഞ്ചായത്തംഗം ഭദ്രൻ കല്ലക്കൽ എന്നിവർ പങ്കെടുത്തു.