30-vettila
വെറ്റില

പന്തളം:കൊറോണ രോഗം വെറ്റില കർഷകരെയും പ്രതിസന്ധിയിലാക്കി. ചന്തകൾ പ്രവർത്തിക്കാതായതും കടകമ്പോളങ്ങൾ അടച്ചതും ഏറ്റവും കൂടുതൽ ബാധിച്ചത് വെറ്റില കർഷകരെയാണ്.ആഴ്ചയിൽ ഒരുദിവസം വീതം വെറ്റില എടുത്ത് മാറ്റണം.അങ്ങനെ ചെയ്യാതെ വന്നാൽ ഇത് മൂത്ത് ഉപയോഗശൂന്യമാകും.പുതിയ കണ്ണി പൊട്ടുകയുമില്ല.ഒരു കാലത്ത് മദ്ധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ വെറ്റില വ്യാപാരം നടന്നിരുന്നത് പന്തളം കുറുംതോട്ടയം ചന്തയിലായിരുന്നു.ജില്ലക്ക് പുറമേ കേരളത്തിന്റെ വിവിധ പ്രദേശങ്ങൾക്കൊപ്പം തമിഴ്നാട്ടിൽ നിന്നുമുള്ള മൊത്തക്കച്ചവടക്കാരും ഇവിടെ എത്തിയിരുന്നു.കഴിഞ്ഞ രണ്ടാഴ്ചയായി വെറ്റില വാങ്ങാൻപുറത്തു നിന്നും ആരും വരുന്നില്ല.ഇതോടെ വില 20 രൂപയിൽ താഴെയായി.

കൃഷി ഇങ്ങനെ .......

വർഷത്തിൽ രണ്ടു തവണയാണ് കൃഷി ചെയ്യുന്നത്.വാരം കോരി പാത്തി നിർമ്മിച്ച് പാത്തിയിൽ ഒന്നര അടി അകലത്തിലാണ് നടുന്നത്.വയണ തൂപ്പോ തെങ്ങി ന്റെ ഓലയോ കൊണ്ട് തണുപ്പിട്ട് മൂന്ന് മാസം രാവിലെയും വൈകിട്ടും വെള്ളം തളിക്കണം.തണുപ്പ് എടുത്തു കഴിഞ്ഞാൽ ഈറ്റ നാട്ടി അര വെച്ചുകെട്ട് കെട്ടണം.നാലു മാസം കഴിയുമ്പോൾ കുരുപ്പുകൾ നാട്ടിമേൽ വെച്ചുകെട്ടി ഓല തണുപ്പിടണം.15ദിവസത്തിൽ ഒരിക്കൽ വളം ഇടുകയും രാവിലെയും വൈകിട്ടും നനക്കണം. 200മൂടിന് 10കിലോ വളംവീതം 15ദിവസത്തിൽ ഒരിക്കലാണ് ഇടേണ്ടത്.50രൂപക്ക് മുകളിൽ വില ലഭിക്കുകയും ഒരുതവണ തലയ്ക്കം അറുക്കാനും രണ്ടുവർഷം കേടുകൂടാതെ ആദായമെടുക്കാൻ കഴിഞ്ഞാലും മാത്രമേ നഷ്ടമില്ലാതെ പിടിച്ചുനിൽക്കാൻ പറ്റൂ.

വെറ്റിലയുടെ പ്രാധാന്യം

മുറുക്കിന് ഉപയോഗിക്കുന്നതിന് പുറമെ വിവിധ ചടങ്ങുകൾക്ക് ഒഴിവാക്കാൻ കഴിയാത്തതാണ് വെറ്റില.വിവാഹം,ആദ്യാക്ഷരം കുറിക്കൽ തുടങ്ങി ദക്ഷിണ സമർപ്പിക്കുന്നതിനും മാലയ്ക്കും വെറ്റില ജ്യോതിഷത്തിനുമെല്ലാം അനിവാര്യമാണ്.ഹൈന്ദവ ആചാരപ്രകാരം ലക്ഷ്മീദേവിയുടെ സ്ഥാനമാണ് വെറ്റിലയ്ക്കുള്ളത്.വെറ്റില നീരിന് വലിയ ഔഷധ ഗുണമുണ്ടെന്നാണ് ആയുർവേദ ചികിൽത്സാ രംഗത്തുള്ളവർ പറയുന്നത്.


നൂറ് വെറ്റില തലക്കത്തിന് 2500 മുതൽ 3000 രൂപ വരെയാണ് വില.ഈറ്റ 20എണ്ണമുള്ള ഒരു കെട്ടിന് 300 രൂപയും.വാരം കോരൽ,പാത്തിയെടുപ്പ്,നടിൽ,വെച്ചുകെട്ട്,വളം എന്നിവെയെല്ലാം കൂടി കണക്കാക്കുമ്പേൾ 200 മൂടുള്ള ഒരു കളം കൊടിക്ക് സ്വന്തം അദ്ധ്വനത്തിന് പുറമെ ഇരുപതിനായിരം രൂപ ചെലവാകും.

കർഷകൻ

(കടമ്പേലിൽ മുരളി, കുരമ്പാല )

ഒരടുക്കിൽ 20 വെറ്റില

4 അടുക്ക് ഒരുകെട്ട്

-വെറ്റിലയ്ക്ക് 20 രൂപയിൽ താഴെ