30-kumbazha
ഫോട്ടോ അടിക്കുറിപ്പ്: ബസപകടം നടന്ന കുമ്പഴ കണിക്കുന്നിൽ പടിയലെ വളവ്

മലയാലപ്പുഴ: 1979 മാർച്ച് 30 മലയാലപ്പുഴ ഗ്രാമത്തിന് ദുഃഖ വെളളിയാഴ്ചയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ബസപകടങ്ങളിലൊന്നായ കുമ്പഴ ബസപകടം നടന്നത് അന്നായിരുന്നു. പുതുക്കുളം ഓച്ചിറ റൂട്ടിലോട്ടിയിരുന്ന കോമോസ് എന്ന സ്വകാര്യ ബസ് കണികുന്നിൽ പടിയിലെ വളവിൽ വച്ചാണ് അപകടത്തിൽ പെടുന്നത്. അന്ന് രാവിലെ 8.45 നായിരുന്നു അപകടം. ആകെ 46 പേർ മരിച്ചു. ഇതിൽ 24 പേർ സംഭവസ്ഥലത്തും ബാക്കിയുള്ളവർ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലുമാണ് മരിച്ചത്. 159 പേരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. സംസ്ഥാനത്ത് നടന്ന ബസപകടങ്ങളിൽ ഏറ്റവും കൂടുതലാളുകൾ മരിച്ച സംഭവമായാണിതറിയപ്പെടുന്നത്. വാർത്തവിനിമയ സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും കുറവായിരുന്ന അന്ന് പരുക്കേറ്റവരെ ആശു പത്രികളിലെത്തിക്കുന്നത് ശ്രമകരമായിരുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും മലയാലപ്പുഴയിലും സമീപപ്രദേശങ്ങളായ പൊതീപ്പാട്, പുതുക്കുളം, ഇലക്കുളം, കിഴക്കുപുറം, കടുവാക്കുഴി,വള്ളിയാനി,മലയാലപ്പുഴ താഴം, വടക്കുപുറം, കോഴികുന്നം, മുക്കുഴി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരായിരുന്നു. ഇതിലേറെയും വിദ്യാർത്ഥികളും, അദ്ധ്യാപകരും, മലയാലപ്പുഴ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നവരുമായിരുന്നു. മലയാലപ്പുഴ താഴത്ത് അജോയ്, വല്യാട് ദാമോദരൻ പിള്ള, കാവടിത്തറയിൽ കാർത്ത്യായനിയമ്മ, ഉഷസദനത്തിൽ പ്രസന്നകുമാരി, ശങ്കരത്തിൽ ജോണിക്കുട്ടി, ശങ്കരത്തിൽ ജോർജ്കുട്ടി, ശങ്കരത്തിൽ മറിയക്കുട്ടി, ഇലക്കുളം ഗോപാലൻ, ഇലക്കുളം സരസ്വതി,പുതുക്കുളത്ത് ഗീത എന്നിവർ ഇവരിൽ ചിലർ മാത്രമാണ്.മലയാലപ്പുഴ ഗ്രാമത്തിനേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു ഈ അപകടം.

അപകടത്തിലേക്ക് നയിച്ചത് ........................

അമിതഭാരം,റോഡിന്റെ സ്ഥിതി,അശ്രദ്ധ തുടങ്ങിയ കാരണങ്ങളാണ് അപകടത്തിലേക്ക് നയിച്ചത്.അപകടത്തിൽ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവർക്കായി തുടങ്ങിയ പുതുക്കുളം കോട്ടയം മെഡിക്കൽ കോളേജ് കെ.എസ്.ആർ.ടി.സി.ബസ് ഏറെക്കാലം ഉണ്ടായിരുന്നു.പരുക്കേറ്റവരുടെ തുടർ ചികിത്സയ്ക്കായി പൊതീപ്പാട് എസ്.എൻ.ഡി.പി യു.പി.സ്‌കൂളിൽ ഒരു മാസം നീണ്ടു നിന്ന മെഡിക്കൽ ക്യാമ്പും നടന്നു.

------------------------

മരണത്തിൽ നിന്ന് രക്ഷപ്പെട്ട പലരും പിൽക്കാലത്ത് കാലയവനികക്കുള്ളിൽ മറഞ്ഞു. രക്ഷപ്പെട്ട പലരും ഇന്നും മലയാലപ്പുഴയിലും സമീപ പ്രദേശങ്ങളിലും ജീവിച്ചിരിക്കുന്നുമുണ്ട് റിട്ട: പ്രഥമദ്ധ്യാപകരായ പൊതീപ്പാട്ട് റോസ് ഹൗസിൽ രാജമ്മ, കടുവാക്കുഴി ദീപ്തിയിൽ സോമശേഖരൻ എന്നിവർ അവരിൽ ചിലരാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് അപകടം

ആകെ മരിച്ചത് 46 പേർ

ബസിലുണ്ടായിരുന്നത് 156 പേർ

24 പേർ സംഭവ സ്ഥലത്ത് മരിച്ചു