പത്തനംതിട്ട : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഭക്ഷണത്തിനു പ്രയാസംനേരിടാൻ സാധ്യതയുള്ള നിരാലമ്പരായ രോഗികൾക്കും ഒറ്റപ്പെട്ടുകഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും അവശ്യസാധനങ്ങൾ എത്തിച്ച് പത്തനംതിട്ട ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള സേവനം മാതൃകയാകുന്നു. ടൗണിൽ വേനലിനെ വകവയ്ക്കാതെ സേവനത്തിലുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും പത്തനംതിട്ട ഫയർ ആൻഡ് ആറെസ്‌ക്യൂ സർവീസ് സ്‌റ്റേഷനും സിവിൽ ഡിഫൻസ് വോളിണ്ടിയേഴ്‌സും ചേർന്ന് സംഭാരവും വിതരണം ചെയ്തു. കോന്നി, പത്തനംതിട്ട, ഇലന്തൂർ എന്നിവിടങ്ങളിലെ ഇരുപതോളം നിരാലമ്പരായ രോഗികൾക്കും ഒറ്റപ്പെട്ടവർക്കും അരി, ഗോതമ്പുപൊടി, സവാള, കിഴങ്ങ്, മറ്റ് പലവ്യഞ്ജനങ്ങളും സോപ്പ്, ഡെറ്റോൾ തുടങ്ങിയ 25 ഇന അവശ്യ വസ്തുക്കളുമടങ്ങിയ കിറ്റാണ് വിതരണം നടത്തിയത്. കോന്നി എലിയറയ്ക്കലിൽ അതിഥി സംസ്ഥാന തൊഴിലാളികൾക്കു ഭക്ഷണം ലഭിക്കുന്നില്ലെന്ന് അറിയിച്ചതിനെതുടർന്ന് 21 പേർക്കുള്ള അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റും വിതരണം ചെയ്തു. ഫയർ ഫോഴ്‌സ് ജീവനക്കാർ, സിവിൽ ഡിഫൻസ് അംഗങ്ങൾ സ്വന്തംനിലയ്ക്കും വിവിധ വ്യക്തികളിൽ നിന്നും സ്വരൂപിച്ച സാധനങ്ങളും ബ്ലഡ് ഡൊണേറ്റ് കേരളയുമാണ് അവശ്യസാധന വിതരണത്തിനും മുൻകൈയെടുത്തത്. പത്തനംതിട്ട ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ വി.വിനോദ്കുമാർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ജില്ലാ ഭരണകൂടം, തദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ആലോചിച്ച് അവശ്യ മരുന്നുകൾ എത്തിക്കുന്നതിലും ആവശ്യമെങ്കിൽ ഫയർഫോഴ്‌സ് സേവനം ലഭ്യമാക്കും.