പത്തനംതിട്ട: പ്രവർത്തിക്കാത്ത കമ്പ്യൂട്ടറുമായി ഡി.സി.സി ഒാഫീസിൽ തുടങ്ങിയ കൊറോണ കൺട്രോൾ ഹെൽപ്പ് ഡെസ്ക് പാർട്ടിക്കുളളിൽ വിവാദത്തിന് തിരികൊളുത്തി. കഴിഞ്ഞ ദിവസം ഡി.സി.സി ഒാഫീസിൽ ആരംഭിച്ച കൊറോണ ഹെൽപ്പ് ഡെസ്കിലെ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കാത്തതാണെന്ന ആരോപണവുമായി ഒരു വിഭാഗം നേതൃത്വത്തിനെതിരെ രംഗത്തുവന്നു. ദുരന്ത കാലത്ത് നേതാക്കളുടെ ചിത്രങ്ങളും വാർത്തകളും മാദ്ധ്യമങ്ങളിൽ വരാൻ വേണ്ടി നടത്തിയ പ്രഹസനമാണിതെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകി. കൊറോണ പ്രതിരോധ രംഗത്ത് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകർക്ക് അപമാനമാണ് ഡി.സി.സി നേതൃത്വത്തിന്റെ നടപടിയെന്ന് പരാതിയിൽ പറയുന്നു. പ്രവർത്തിക്കാത്തതും കറന്റ് പ്ളഗിൽ വയർ ഘടിപ്പിക്കാത്തതുമായ കമ്പ്യൂട്ടറിൽ ഒരു നേതാവ് ഹെൽപ്പ് ഡെസ്കിലെ വിവരങ്ങൾ ചേർക്കുന്നതായി അഭിനയിക്കുന്ന ചിത്രവും വീഡിയാേയും കെ.പി.സി.സി പ്രസിഡന്റ് അടക്കമുളള വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വൈറലാവുകയും രൂക്ഷ വിമർശനം ഉയരുകയു ചെയ്തു. ഇത്തരം അഭിനേതാക്കളാണ് ആത്മാർത്ഥതയുളള പ്രവർത്തകരെ നശിപ്പിക്കുന്നതെന്ന് ഒരു നേതാവ് ഗ്രൂപ്പിൽ തുറന്നടിച്ചു.
'വളരെ ദു:ഖത്തോടെ പറയട്ടെ, അപഹാസ്യമായി ആ വീഡിയോ. ആരു കണ്ടാലും അത് ജില്ലയിലെ ഓരോ കോൺഗ്രസുകാരനും അപമാനകരമാണ്. പത്തനംതിട്ട ഡി.സി.സി ഓഫീസിലെ രണ്ടു കമ്പ്യൂട്ടറുകൾ കറന്റ് ഇല്ലാതെ പ്രവർത്തിക്കാൻ സാധിക്കുന്നതാണോ? കമ്പ്യൂട്ടർ പ്രവർത്തിക്കാൻ കറന്റ് വേണമെന്ന് അറിയാത്തവരാണോ? നമ്മെ നയിക്കുന്നത് ? ' മറ്റൊരു നേതാവിന്റെ ചോദ്യം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂത്ത് കെയർ വിഭാഗം രൂപീകരിച്ച് ആംബുലൻസ് അടക്കമുളള വാഹനങ്ങളുമായി ഫീൽഡിലുണ്ട്.