ചെങ്ങന്നൂർ: കർക്കശ നിലപാടല്ല സഹായവും സൗഹൃദവുമാണ് ലോക് ഡൗൺ വിജയിപ്പിക്കാൻ എന്ന് മനസിലാക്കി ചെങ്ങന്നൂർ സി ഐ എം.സുധിലാൽ സമൂഹ നന്മയ്ക്കയിട്ടുള്ള പദ്ധതികൾ ആരംഭിച്ചു. വിവിധ ക്ലബുകൾ സന്നദ്ധസംഘടനകൾ ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെ ഭക്ഷണം, മരുന്ന് മറ്റ് അത്യാവശ്യങ്ങൾ എത്തിച്ചുകൊടുക്കാനുള്ള സംരംഭമാണ് തുടങ്ങിയിരിക്കുന്നത്. ഇതിനായി ഒരു കൺട്രോൾ റൂം തന്നെ തുറന്നുപ്രവർത്തിക്കുന്നു. ചെങ്ങന്നൂർ സേനയിലെ മുഴുവൻ അംഗങ്ങളും സേവനത്തിനായി കർമ്മനിരതരായി ഒത്തൊരുമിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികൾ സ്ത്രീകൾമാത്രം താമസിക്കുന്നവീടുകൾ, വയോധികർ ഉള്ളവീടുകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങൾക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ കൺട്രോൾ റൂം പ്രവർത്തിക്കും. ഈ സേവനങ്ങൾക്ക് സഹായവുമായി സന്നദ്ധത അറിയിച്ച് വിവിധ ക്ലബുകൾ, സേവാഭാരതി, യുവജന കൂട്ടായ്മകൾ, എന്നിവർ രംഗത്തെത്തിയത് ഈ ആശയത്തിന് വൻവിജയമായി. മുളക്കുഴ രഞ്ജിനി ക്ലബ്, സേവാഭാരതി മറ്റ് യുവജനസംഘടനകൾ ഭക്ഷണപ്പൊതികൾ, സാനിറ്റൈസർ, കൈയുറകൾ തുടങ്ങിയവ കൈമാറി. ചെങ്ങന്നൂരിലെ ആൽത്തറക്ക് സമയപം താമസിക്കുന്ന കുഞ്ഞുകുട്ടിഅമ്മയ്ക്ക് ഭക്ഷണം നൽകിയാണ് ഇന്ന് സേവനപ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്. തുടർന്ന് ആല,പെണ്ണുക്കര, പാണ്ടനാട്, കാരക്കാട് തുടങ്ങി വിവിധ പ്രദേശങ്ങളിലുള്ള നാട്ടുകാർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ആഹാരം എത്തിച്ചുകൊടുത്തു. പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകൂന്നത് എസ് ഐ എസ്.വി ബിജു റൈറ്റർ അജിത്, അനീഷ് മോൻ എന്നിവരാണ്.