പത്തനംതിട്ട : വീടുകളിൽ പുറത്തിറങ്ങാൻ കഴിയാത്തവർക്ക് അവശ്യ സാധനങ്ങളും മരുന്നും വാങ്ങുന്നതിനായി പത്തനംതിട്ട നഗരസഭ മുൻകൈയെടുത്ത് സാധനങ്ങൾ വീട്ടിലെത്തിക്കാനായി 'കരുതൽ' പദ്ധതി ആരംഭിച്ചു. നഗരസഭയിലെ അന്തേവാസികൾക്ക് അവശ്യ സാധനങ്ങളും മരുന്നുകളും പാകംചെയ്ത ഭക്ഷണവും വാങ്ങി വീടുകളിൽ എത്തിക്കുന്നതിനായി ഫോണിലൂടെ ബന്ധപ്പെടാം. ആവശ്യപ്പെട്ട സാധനങ്ങൾ നഗരസഭ സംവിധാനം ഉപയോഗിച്ച് വീടുകളിലെത്തിച്ചു ബില്ലുകൾ നൽകും. ബില്ലിന്റെ തുകമാത്രം നൽകിയാൽ മതിയാകും. സർവീസ് ചാർജ് ബാധകമല്ല. ഓൺലൈൻ ട്രാൻസാക്ഷൻ ആയിരിക്കും പരമാവധി ഉപയോഗപ്പെടുത്തുക. അത്യാവശ്യഘട്ടത്തിൽ മാത്രമാകും പണം സ്വീകരിക്കുക. ആരോഗ്യവകുപ്പിന്റെ എല്ലാനിർദേശങ്ങളും പാലിച്ചുമാത്രമേ വീടുകളിലെത്തുകയുള്ളൂ. മരുന്നുകൾ വാങ്ങാൻ ഡോക്ടർ നൽകിയ കുറിപ്പടികൾ വാട്സ്ആപ്പ് മുഖേന നൽകണം. കുറിപ്പടിയില്ലാതെ മരുന്നുകൾ എത്തിക്കുന്നതല്ല. വീടുകളിൽ ഐസലേഷനിൽ കഴിയുന്നവർ അവശ്യസേവനങ്ങൾക്ക് അതത് വാർഡിലെ ആശാ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് അറിയിച്ചു. ഫോൺ: 9188246485.