ചെങ്ങന്നൂർ:ആലാ പഞ്ചായത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് ബി.ജെ.പിയുടെ സഹായ ഹസ്തം. കഴിഞ്ഞ ഒരാഴ്ചയായി തൊഴിൽ നഷ്ടമായി താമസ സ്ഥലത്ത് കുടുങ്ങിപ്പോയ ഇവർ ഭക്ഷണം കിട്ടാതെ വലയുകയായിരുന്നു. സർക്കാരിന്റെ കമ്യൂണിറ്റി കിച്ചനിൽ ചെന്നെങ്കിലും പണം നൽകാതെ ഭക്ഷണം നൽകാൻ കഴിയില്ലെന്ന മറുപടി‌യാണ് കിട്ടിയത്. ഇവർക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള വകുപ്പ് പഞ്ചായത്തിനില്ലെന്നും അധികൃതർ അറിയിച്ചു. ഇതോടെ നിരാശരായി മടങ്ങിയ ഇവർക്ക് ബി.ജെ.പി ഭക്ഷണം എത്തിച്ചു നൽകുകയായിരുന്നു. സംസ്ഥാന സമിതി അംഗം ആർ സന്ദീപ്, നിയോജക മണ്ഡലം സെക്രട്ടറി കെ സത്യപാലൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ്‌കുമാർ, ജനറൽ സെക്രട്ടറി മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ കിറ്റ് വിതരണം ചെയ്തത്. ഏകദേശം നൂറോളം തൊഴിലാളികൾ താമസിക്കുന്ന മൂന്ന് ക്യാമ്പുകളിൽ പ്രവർത്തകർ ഭക്ഷണം എത്തിച്ചു.