മല്ലപ്പള്ളി : കമ്യൂണിറ്റി കിച്ചൺ പദ്ധതിക്കായി ഹോട്ടൽ സൗജന്യമായി വിട്ടുനൽകി ഹോട്ടൽ ആൻഡ് റെസ്‌റ്റോറെന്റ് അസോസിയേഷൻ ഭാരവാഹിയുടെ മാതൃക. 20 വർഷത്തോളമായി മല്ലപ്പള്ളി ടൗണിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ന്യൂജോൺസ് പുഴയോരം റെസ്‌റ്റോറെന്റ് ഉടമയും അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കീഴ്വായ്പ്പൂര് കിളിരൂർപറമ്പിൽ സന്തോഷ് മാത്യുവും, അസോസിയേഷൻ താലൂക്ക് യൂണിറ്റ് സെക്രട്ടറി പരിയാരം വാലുപാറയിൽ സിജുകുമാറുമാണ് സേവനരംഗത്തുള്ളത്. ഇരുവരും ചേർന്ന് വില്ലേജ് ഓഫീസിന് സമീപം നടത്തിവന്ന ഹോട്ടലും അനുബന്ധസൗകര്യങ്ങളും ഗ്രാമപഞ്ചായത്തിന് കൈമാറുകയായിരുന്നു. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചണിനായി അടുക്കള, കുടിവെള്ള സംവിധാനം, പാത്രങ്ങൾ, ഗ്യാസ് അടുപ്പ്, ഹോട്ടലിന്റെ ഡൈനിംഗ് ഹാൾ ഉൾപ്പെടെയുള്ളവ നൽകിയിരിക്കുകയാണ്. ഇവിടെ പാചകം ചെയ്യുന്ന വസ്തുക്കൾ പായ്ക്ക് ചെയ്ത് മല്ലപ്പള്ളിയിലെ 14 വാർഡുകളിലേക്കും, ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലേക്കും വിതരണം ചെയ്യുന്നു. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സന്തോഷ് മാസങ്ങൾക്ക് മുമ്പ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ളയാളാണ്. സിജുവിന്റെ ഭാര്യ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയായി കൊറോണാ പ്രതിരോധ രംഗത്ത് സജീവമാണ്. ഹോട്ടലിൽ തയ്യാറാക്കിയ ഭക്ഷണം കുടുബശ്രീ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അന്യസംസ്ഥാന തൊഴിലാളിക്ക് വിതരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.