മല്ലപ്പള്ളി: സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിച്ച് മല്ലപ്പള്ളി സെഹിയോൻ മാർത്തോമാ പള്ളിയിൽ സംസ്കാരം നടത്തി. കഴിഞ്ഞ ദിവസം നിര്യാതയായ ആനിക്കാട് പടുവക്കുഴിയിൽ അമ്മിണി കൊച്ചൂഞ്ഞിന്റെ (80) സംസ്‌കാര ചടങ്ങാണ് പത്തിൽ താഴെ ആളുകളെ മാത്രം പങ്കെടുപ്പിച്ച് നടന്നത്. ആനിക്കാട് മാരിക്കലിൽ താമസിച്ചുവന്ന അമ്മിണി തൊട്ടടുത്തുള്ള ആശ്രയാ വയോജന മന്ദിരത്തിലാണ് അന്ത്യകാലത്ത് കഴിഞ്ഞിരുന്നത്. അമ്മിണിയുടെ മൂന്നുമക്കളിൽ ഏക മകൻ നേരത്തേ മരിച്ചുപോയി. രണ്ട് പെൺമക്കളിൽ ഒരാൾ വിദേശത്താണ്. മറ്റൊരാൾ തമിഴ്‌നാട് അതിർത്തിയിലും. ഇരുവർക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ എത്താൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. അന്യസംസ്ഥാനത്ത് വിദ്യാർത്ഥിയായിരുന്ന മകന്റെ മകൾ നാട്ടിലെത്തിയതിനെ തുടർന്ന് ഹോം ക്വാറന്റെനിലായ കുടുംബത്തിൽ നിന്ന് ആർക്കും പങ്കെടുക്കാനായില്ല. ഇടവക വികാരിയുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കം 10 പേർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.