പത്തനംതിട്ട: കൊറോണ രോഗം ഭേദമായ റാന്നിയിലെ അഞ്ച് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. ഇറ്റലിയിൽ നിന്നെത്തിയ ഗൃഹനാഥനും ഭാര്യയും മകനും അടങ്ങിയ കുടുംബം, ഗൃഹനാഥന്റെ ജ്യേഷ്ഠൻ, ഭാര്യ എന്നിവരുടെ രോഗമാണ് മാറിയത്.
കഴിഞ്ഞ രാത്രി ലഭിച്ച ഇവരുടെ രണ്ടാമത്തെ പരിശോധനഫലവും നെഗറ്റീവായിരുന്നു. ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ തീരുമനിച്ചത്. ഇന്നത്തെ ആരോഗ്യ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം വൈകിട്ടത്തേക്ക് ഡിസ്ചാർജ് ചെയ്യാൻ സാധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എ.എൽ.ഷീജ പറഞ്ഞു. സുരക്ഷാ മുൻകരുതാലായി മാസ്കും കൈയുറകളും ധരിപ്പിച്ചാവും ഇവരെ വീട്ടിലെത്തിക്കുന്നത്. 14ദിവസം ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ആരോഗ്യ വകുപ്പും ഫയർഫോഴ്സും ചേർന്ന് ഇവരുടെ റാന്നി ഐത്തലയിലെ വീടുകൾ ഇന്നലെ അണു വിമുക്തമാക്കി.
അഞ്ച് പേർ ഡിസ്ചാർജാകുന്നതോടെ ജില്ലയിലെ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്ന കൊറോണ രോഗികളുടെ എണ്ണം അഞ്ചായി കുറയും. ഇറ്റലിയിൽ നിന്നെത്തിയവരിൽ നിന്ന് കൊറോണ പകർന്ന ബന്ധുക്കളായ സ്ത്രീയും മകളും കോഴഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്. ഗൾഫ്, ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്ന് വന്ന മറ്റ് മൂന്ന് രോഗികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലുണ്ട്.