പത്തനംതിട്ട: വനാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയും ആദിവാസി കോളനികളിൽ ആവശ്യസാധനങ്ങൾ എത്തിച്ചും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ക്രിയാത്മക ഇടപെടലുകളുമായി വനം വകുപ്പ്. അന്തർ സംസ്ഥാന പാതകളിലുടെയും കാട്ടിനുള്ളിലുള്ള അനധികൃത വഴിയിലൂടെയും വന്നു പോകുന്നവരെ നിരീക്ഷിക്കാൻ സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കി. പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരോടൊപ്പം വനപാലകരും എപ്പോഴും കർമ്മരംഗത്തുണ്ട്. എല്ലാ റേഞ്ച് ഓഫീസർമാരുടെയും നേതൃത്വത്തിൽ ആദിവാസി കോളനികളിൽ നിരന്തര സന്ദർശനം നടത്തി ബോധവൽക്കരണം നടത്തുന്നുണ്ട്. റേഷൻ സാധങ്ങൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളും, സോപ്പ്, ബെഡ്ഷീറ്റ്, ടൗവൽ, തലയിണ പോലെയുള്ള മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനും നടപടി സ്വീകരിച്ചു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കോളനിവാസികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിന് ആരോഗ്യവകുപ്പ്, പട്ടികവർഗ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ചേർന്ന് അനുയോജ്യമായ നടപടികളാണ് എടുത്തുവരുന്നത്. ഇതിനായി വകുപ്പിന്റെ വാഹനങ്ങളും വിട്ടുനൽകുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനാവശ്യമായ വിവരശേഖരണ ജോലികളും പുരോഗമിച്ചു വരുന്നു.
കാട്ടിനുള്ളിൽ അനധികൃതവാറ്റിനുള്ള സാദ്ധ്യത പരിഗണിച്ച് എക്‌സൈസ് വകുപ്പുമായി ചേർന്ന് വനമേഖലകളിൽ പരിശോധകൾ കർശനമാക്കി. പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി അതത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരെയും വൈൽഡ് ലൈഫ് വാർഡൻമാരേയും നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യ വനം മേധാവി പി.കെ. കേശവൻ അറിയിച്ചു.