തിരുവല്ല: നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ നഗര പരിധിയിൽ അലഞ്ഞുതിരിഞ്ഞിരുന്ന അഗതികൾക്ക് അഭയമൊരുക്കി നഗരസഭ. നഗരസഭ ചെയർമാൻ ആർ. ജയകുമാറിന്റെ നേതൃത്വത്തിൽ അലഞ്ഞുതിരിഞ്ഞിരുന്ന 22 പേരെ ഇന്നലെ കാവുംഭാഗം കുന്നുംപുറം സ്‌കൂളിൽ ആരംഭിച്ച താൽക്കാലിക ഷെൽട്ടറിലേക്ക് മാറ്റി. ലോക്ക് ഡൗണിന്റെ ഭാഗമായി നഗര പരിധിയിലെ ഹോട്ടലുകൾ അടക്കം അടച്ചിട്ടിരിക്കുന്നതിനാൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി കടത്തിണ്ണകളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും അന്തിയുറങ്ങിയിരുന്ന ഇവർക്ക് കഴിഞ്ഞ ദിവസങ്ങളിലായി കുടിവെള്ളമടക്കം ലഭ്യമാകാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും അഗ്നിശമന സേനയുടെയും സഹായത്തോടെയാണ് ഇവരെ ആംബുലൻസുകളിൽ കുന്നുംപുറത്തെ ഷെൽട്ടറിൽ എത്തിച്ചത്. നിരോധനാജ്ഞ കാലാവധി കഴിയും വരെ ഇവർക്ക് വേണ്ട ഭക്ഷണച്ചെലവടക്കമുളളവ നഗരസഭ വഹിക്കുമെന്ന് ചെയർമാൻ പറഞ്ഞു.