അടൂർ: ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനോട് വാഹനപരിശോധനയ്ക്ക് നിന്ന എസ്.ഐ മോശമായി പെരുമാറുകയും ഒരു മണിക്കൂറോളം വാഹനം തടഞ്ഞിടുകയും ചെയ്തതായി പരാതി.

അടൂർ ഡിവൈ. എസ്.പി, ജില്ലാ കളക്ടർ എന്നിവർക്ക് നഴ്സ് ജാസ്മിൻ മുഹമ്മദ് പരാതി നൽകി. ഇന്നലെ ഉച്ചയോടെ കെ.പി റോഡിൽ പഴകുളം ജംഗ്ഷന് പിടഞ്ഞാറ് ജില്ലാ അതിർത്തിയിലാണ് സംഭവം. ഇത് കാരണം ഡ്യൂട്ടിയിൽ ഒരു മണിക്കൂർ വൈകിയാണ് പ്രവേശിക്കാൻ കഴിഞ്ഞത്. നൂറനാട് സ്വദേശിനിയായ നഴ്സ് ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്ടിൽ ജോലി നോക്കുന്നതിനായി കാർ ഓടിച്ചാണ് അടൂരിലേക്ക് വന്നത്. പരിശോധനാ സ്ഥലത്തുവച്ച് ഐ.ഡി കാണിച്ചെങ്കിലും വാഹനം മാറ്റിയിടാൻ നിർദ്ദേശിക്കുകയായിരുന്നു. 15 മിനിട്ടോളം കാത്തു നിന്നിട്ട് ഇവർ എസ്.ഐ യോട് താൻ നഴ്സാണെന്ന് ബോദ്ധ്യപ്പെടുത്താൻ യൂണിഫോം കാട്ടാമെന്ന് പറഞ്ഞപ്പോൾ തന്റെ തുണിയും മറ്റും തനിക്ക് കാണേണ്ടെന്ന് പറഞ്ഞ് പരുഷമായി സംസാരിച്ചു. കാത്തു നിന്ന് മടുത്ത ഇവർ ഫോണിലൂടെ ആശുപത്രി സൂപ്രണ്ടിനോട് വിവരം പറഞ്ഞു. ഫോൺ എസ്.ഐ ക്ക് കൊടുക്കാൻ സൂപ്രണ്ട് പറഞ്ഞെങ്കിലും എനിക്ക് ഒരുത്തനോടും ഫോണിൽ സംസാരിക്കേണ്ടതില്ലെന്ന മറുപടിയാണ് നൽകിയതെന്നും ഒരു മണിക്കൂർ കഴിഞ്ഞാണ് തന്നെ ഡ്യൂട്ടിക്ക് പോകാൻ അനുവദിച്ചതെന്നും ഇവർ ആശുപത്രിയിൽ എത്തിയ ശേഷം നൽകിയ പരാതിയിൽ പറയുന്നു. നഴ്സിനെ തടഞ്ഞ നടപടിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും അമർഷമുണ്ട്. പുലിവാലുകുമെന്ന് കണ്ടറിഞ്ഞ ആരോപണ വിധേയനായ എസ്. ഐ വൈകിട്ട് നൂറനാട്ടെ നഴ്സിന്റെ വസതിയിലെത്തി ഭർത്താവിനെ സമീപിച്ച് കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ് മടക്കുകയായിരുന്നു.