തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 ബഡ്ജറ്റിന് ബ്ലോക്ക് പഞ്ചായത്ത് സമിതി അംഗീകാരം നൽകി.കൊറോണ രോഗത്തിനെതിരെയുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ചു നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൂസമ്മ പൗലോസ് ബഡ്ജറ്റ് അവതരിപ്പിച്ചു.16,39,08,840 രൂപ വരവും 16,31,79,040 രൂപ ചെലവും 7,29,800 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. കാർഷിക മേഖലയിലെ മുന്നേറ്റം ലക്ഷ്യമാക്കി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രത്തിൽ കാർഷിക വിളകളുടെ സംസ്‌ക്കരണ യൂണിറ്റും ബ്ലോക്ക് പഞ്ചായത്ത് എൽ.എസ്.ജി.ഡി ഓഫീസ് കം ഷോപ്പിംഗ് കോപ്ലക്‌സും ഓപ്പൺ വനിത ജിംനേഷ്യം ഉൾപ്പെടെ നൂതനമായ പദ്ധതികൾക്ക് തുക വകയിരുത്തിട്ടുണ്ട്.തൊഴിലുറപ്പ് പദ്ധതിയിലും പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയിലുമായി 12,26,74,090 രൂപ നീക്കിവച്ചു.വനിത ജിംനേഷ്യത്തിന് 10ലക്ഷവും കാർഷികവിള സംസ്‌ക്കരണ യൂണിറ്റിന് 26 ലക്ഷം,ആരോഗ്യ പരിപാലനത്തിനായി 14 ലക്ഷം, കാൻസർ നിർണയ ക്യാമ്പിന് 5 ലക്ഷം,സമ്പൂർണ യോഗഗ്രാമത്തിന് 5 ലക്ഷം, കുടംബശ്രീ ബഡ്ജറ്റ് ഹോട്ടലിന് 1ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി.സ്ത്രീ സുരക്ഷയും മാലിന്യനിർമ്മാർജന പ്രവർത്തനവും ലക്ഷ്യമിട്ട് നിർമ്മലം- നിർഭയം പദ്ധതിക്കും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പൂർണമായും സോളാർ ആക്കുന്നതിനും തുക അനുവദിച്ചു.ജനറൽ വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും പട്ടികവർഗ വിഭാഗത്തിലും വിവിധ ക്ഷേമവികസന പ്രവർത്തനങ്ങൾക്കായി 26,80,3000 രൂപ നീക്കിവച്ചിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളുടെയും നവീകരണത്തിനായി 27,93,000 രൂപയും പട്ടികജാതി മേഖലയിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 25,01,700 രൂപയും ചെലവഴിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബികാ മോഹൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.