അടൂർ : പച്ചക്കറി വില എത്ര ഉയർന്നാലും സി. കെ. മണിക്ക് ഭയമില്ല. മണിയുടെ പറമ്പിൽ വിളഞ്ഞുകിടക്കുന്നത് പച്ചക്കറികളാണ്. രാസവള പ്രയോഗമില്ലാത്ത ഒന്നാന്തരം ജൈവ പച്ചക്കറികൾ. ഫോട്ടോഗ്രാഫറായ മണി പാലക്കാട്ടുകാരനായിരുന്നു. നാൽപ്പത് വർഷം മുമ്പാണ് കടമ്പനാട്ടെ ശാൻ നിവാസിൽ താമസം തുടങ്ങിയത്. പാലക്കാടുള്ള തന്റെ കുടുംബത്തിലെ നാലുപേർ കാൻസർ ബാധിച്ച് മരിച്ചതോടെയാണ് ഭക്ഷണ പദാർത്ഥങ്ങളിൽ നടക്കുന്ന വിഷപ്രയോഗത്തിന്റെ അപകടത്തെക്കുറിച്ച് മണി ചിന്തിച്ചത്. രാസവളപ്രയോഗമില്ലാതെ ശുദ്ധമായ കാർഷിക വിളകൾ സ്വയം ഉത്പാദിപ്പിക്കാൻ തീരുമാനിച്ചത് അപ്പോഴാണ്.
ഇന്നലെയും വിളവെടുത്തു ഇരുപത് കിലോയോളം പഴുത്ത തക്കാളി. സാമ്പാർ അമര, പലതരം വഴുതനകൾ, വെണ്ടയ്ക്ക, പീച്ചങ്ങ, ചുരയ്ക്കാ, കുക്കുമ്പർ, മുള്ളങ്കി (റാഡിഷ്), ചീര, പുതിന തുടങ്ങിയവ യഥേഷ്ടം പറമ്പിലുണ്ട്. ഉരുളക്കിഴങ്ങ്, ബ്രോക്കാളി, കാബേജ്, കാരറ്റ്, സവാളാ, കൊച്ചുള്ളി, അമരയ്ക്ക, റാഡിഷ്, വെളുത്തുള്ളി എന്നിവയ്ക്ക് പുറമേ ചെറു ധാന്യങ്ങളായ തിന, റാഗി, കുതിരവാലി, എന്നിവയും ആത്തച്ചക്ക, പൈനാപ്പിൾ, സീതപ്പഴം, വാഴകൾ വിവിധയിനത്തിൽപ്പെട്ട ചക്കകൾ തുടങ്ങിയവയും സുലഫം.
40 വർഷത്തോളം ഫോട്ടോ ഗ്രാഫിയായിരുന്നു അദ്ദേഹത്തിന്റെ ലോകം. കർഷക കുടുംബത്തിലായിരുന്നു ജനനം. ഫോട്ടോഗ്രാഫിക്കൊപ്പം കൃഷിയും പണ്ടേ ഉണ്ടായിരുന്നു. 40 സെന്റിലും വീടിന്റെ ടെറസിലുമാണ് കൃഷി. മുന്നൂറിൽപ്പരം ടയർ ചട്ടികളിലാണ് പച്ചക്കറികൾ.
വീട്ടമുറ്റത്ത് പടുതാക്കുളം നിർമ്മിച്ച് മീൻ വളർത്തുന്നുണ്ട്. അത് വീട്ട് ആവശ്യത്തിന് മാത്രമാണ്. വർഷങ്ങളായി മാർക്കറ്റിൽ നിന്ന് പച്ചക്കറികളും പഴങ്ങളും വാങ്ങുന്നില്ലെന്ന് മണി പറയുന്നു.