തിരുവല്ല: കൊറോണ ലോക്ക് ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ നഗരത്തിലെ നിരത്തുകളെല്ലാം നിശ്ചലമാണ്.എം.സി റോഡും ടി.കെ.റോഡുമെല്ലാം സംഗമിക്കുന്ന എസ്.സി.എസ് ജംഗ്‌ഷൻ ഒരാഴ്ചയായി വിജനമായ കാഴ്ചയാണ്. നഗരത്തിലെ ചില മെഡിക്കൽ സ്റ്റോറുകളും സൂപ്പർ മാർക്കറ്റുകളും സർക്കാർ ഓഫീസുകളും മാത്രമാണ് സജീവമായി പ്രവർത്തിക്കുന്നത്. ചെറുതും വലുതുമായ മറ്റു സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. റോഡുകളുടെ പലഭാഗങ്ങളിലും പൊലീസിന്റെ പരിശോധന ശക്തമാക്കിയതോടെ ജനങ്ങൾ പുറത്തിറങ്ങുന്നത് അടിയന്തര ആവശ്യങ്ങൾക്ക് മാത്രമായി ചുരുക്കി. ഇടയ്ക്കിടെ പൊലീസ് വാഹനങ്ങളും ആശുപത്രികളിലെ ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് റോഡുകളിലൂടെ പോകുന്നത്.ആളുകൾ പുറത്തിറങ്ങുന്നത് വളരെ കുറഞ്ഞതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ വിജനമാണ്. താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെ രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഒഴിവാക്കാൻ പറ്റാത്ത രോഗമുള്ളവർ മാത്രമാണ് ആശുപത്രികളിൽ സന്ദർശനം നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.വിവിധ ആവശ്യങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. വിദൂരങ്ങളിൽ നിന്നെത്തുന്ന ഭൂരിഭാഗം ജീവനക്കാരും വരാത്തതിനാൽ മിക്ക സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും മന്ദഗതിയിലാണ്. ആരാധനാലയങ്ങളിൽ നിന്നുള്ള മൈക്കിന്റെ ശബ്ദങ്ങളും വർക്ഷോപ്പുകളിലെ ബഹളങ്ങളും നിലച്ചു. വാഹനങ്ങൾ കുറഞ്ഞതോടെ അന്തരീക്ഷ മലിനീകരണവും ശബ്ദ കോലാഹാലങ്ങളുമില്ലാതെ എങ്ങും ശാന്തമാണ്.സാമൂഹ്യവിരുദ്ധരുടെ വഴിയോരത്തെ മാലിന്യം തള്ളലും ഇതിന്റെ ദുർഗന്ധവുമെല്ലാം ഇല്ലാതായി. ഇതുകാരണം നഗരസഭയുടെ മാലിന്യ നീക്കവും ഇപ്പോഴില്ല. വർഷത്തിൽ ഒരിക്കൽ ഇതുപോലെ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതും പ്രകൃതിക്കും മനുഷ്യർക്കുമെല്ലാം ഗുണകരമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ലോക്ക്ഡൗൺ കൂടുതൽ ദിവസത്തേക്ക് നീട്ടുമോയെന്ന ആശങ്കയും ചിലർ പങ്കുവച്ചു.