ഇറ്റലിയിൽ നിന്നെത്തിയവരും 2 ബന്ധുക്കളും രോഗമുക്തർ
പത്തനംതിട്ട: 'ജീവനോടെ തിരിച്ചു പോകുമെന്ന് പ്രതീക്ഷിച്ചില്ല. ദൈവത്തിന് ഒരുപാട് നന്ദി '-ഡോക്ടർമാരോടും നഴ്സുമാരോടും യാത്ര പറയുമ്പോൾ രമണിയുടെ വാക്കുകൾ ഇടറി. കണ്ണുകൾ നിറഞ്ഞു. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മകൻ റിജോ.
ഡോക്ടർമാരും നഴ്സുമാരും നൽകിയ മരുന്നിനേക്കാൾ ശക്തി തങ്ങളോടു ചേർന്നുനിന്ന് പരിചരിച്ച അവരുടെ നല്ല മനസുകൾക്കാണെന്ന് ആശുപത്രിയിലെ എ ബ്ളോക്കിന് മുന്നിൽ നിന്ന് അവർ പറഞ്ഞു.
കൊറോണ വാഹകരായി ഇറ്റലിയിൽ നിന്ന് എത്തിയ റാന്നി ഐത്തല പട്ടയിൽ മോൻസി ഏബ്രഹാം (55), ഭാര്യ രമണി (53), മകൻ റിജോ(26), മോൻസിയുടെ നാട്ടിലുള്ള സഹോദരൻ പി.എ.ജോസഫ് (61), ഭാര്യ ഓമന (59) എന്നിവർ 24 ദിവസത്തെ ചികിത്സയ്ക്കുശേഷം
ഇന്നലെ വൈകിട്ട് ഡിസ്ചാർജായപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രി വികാരനിർഭരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
ഇന്നത്തേക്കുളള ഭക്ഷ്യധാന്യങ്ങളുടെ പായ്ക്കറ്റ് കൈമാറിയും മധുരം പങ്കിട്ടും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അഞ്ചുപേരെയും യാത്രയാക്കിയപ്പോൾ യുദ്ധം ജയിച്ച സന്തോഷമായിരുന്നു എല്ലാവർക്കും.
ഇനി 14 ദിവസം വീടുകളിൽ ഐസൊലേഷനിൽ കഴിയുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസും ആർ.എം.ഒ ഡോ. ആശിഷ് മോഹൻ കുമാറും ഒരുവട്ടം കൂടി ഓർമ്മിപ്പിച്ചു. തലകുലുക്കി എല്ലാം സമ്മതിച്ചു. അഞ്ചുപേരെയും വഹിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് ആശുപത്രി കവാടം വിട്ടിറങ്ങി.
ഐത്തലയിൽ അവരുടെ വീടിനു മുന്നിൽ അഞ്ചുപേരെയും സ്വീകരിക്കാൻ പൂച്ചെണ്ടുമായി ഗ്രാമ പഞ്ചായത്തംഗം ബോബി എബ്രഹാമും അയൽക്കാരിൽ ചിലരും കാത്തുനില്പുണ്ടായിരുന്നു.
ശനിയാഴ്ച ലഭിച്ച അവസാനത്തെ രണ്ട് സ്രവപരിശോധനകളിലും ഫലം നെഗറ്റീവായതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് ചേർന്ന് ഇവരെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ആറിനാണ് അഞ്ച് പേരെയും ആശുപത്രിയിലെത്തിച്ചത്. ഏഴിന് രോഗം സ്ഥിരീകരിച്ച വിവരം സംസ്ഥാനമാകെ ഭീതിയോടെയാണ് കേട്ടത്.
ഇറ്റലിക്കാരിൽ നിന്ന് രോഗം പകർന്ന ഒരു വീട്ടമ്മയും മകളും കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗൾഫിൽ നിന്നും ബ്രിട്ടനിൽ നിന്നും വന്ന മൂന്നു പേർ രോഗം ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്.