അടൂർ : രണ്ട് ദിവസമായി നിരത്തിലിറങ്ങാതിരുന്ന ആളുകൾ ഇന്നലെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു. അതും നിസാര കാരണങ്ങളുടെ പേരിൽ. ഒരു കവർ പാൽ വാങ്ങേണ്ട ആൾ രാവിലെയും വൈകിട്ടും ഇറങ്ങും. അതും രണ്ടുപേരുമായി. അവശ്യ സർവ്വീസ് എന്ന പേരിൽ പൊലീസ് കണ്ണടയ്ക്കുമ്പോൾ ഒരു ബൈക്കിൽ രണ്ട് സമയത്തായി നാലുപേരുടെ സാന്നിദ്ധ്യമാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. ലോക്ക് ഡൗൺ തുടങ്ങിയ രണ്ട് ദിവസങ്ങളിലായി അനുഭവപ്പെട്ട തിരക്ക് പൊലീസ് വാഹനം പിടിച്ചെടുക്കുകയും ഉടമകൾക്കെതിരേ കേസ് എടക്കുകയും ചെയ്തതോടെയാണ് കുറഞ്ഞത്. എന്നാൽ ഇന്നലെ എല്ലാ നിയന്ത്രണങ്ങളും അവഗണിച്ച് വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ പൊലീസിനും തലവേദനയായി. മരുന്ന്, പാചകവാതകം, ആശുപത്രി, അവശ്യസാധനങ്ങൾ തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞാണ് ആളുകൾ നിരത്തിലിറങ്ങിയത്. പരിശോധിക്കുന്ന വാഹനങ്ങളിൽ 95 ശതമാനവും സത്യവാംങ്മൂലം ഇല്ലാതെയാണ് പുറത്തിറങ്ങുന്നത്. ഇതോടെ പറക്കോട്ടും ഇന്നലെ പൊലീസിനെ വാഹന പരിശോധനയ്ക്ക് നിയമിച്ചു.അടൂർ കെ. എസ്. ആർ. ടി. സി കോർണറിലും ബൈപാസിൽ നെല്ലിമൂട്ടിൽ പടിയിലുമായിരുന്നു പ്രധാന പരിശോധന. കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ ഡി. വൈ. എസ്. പി യുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധനയും നടത്തി. പച്ചക്കറി കടകളും പലചരക്ക് കടകൾക്കും പുറമേ മെഡിക്കൽ സ്റ്റോറുകളും മാത്രമാണ് തുറക്കുന്നത്. കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം കാര്യക്ഷമമായതോടെ അലഞ്ഞുതിരിയുന്നവർ ഉൾപ്പെടെ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് ഭക്ഷണം ലഭ്യമാക്കാൻ കഴിയുന്നുണ്ട്. ഇന്നലെയും നിരവധി വാഹനങ്ങൾക്കെതിരേ കേസ് എടുത്തു.