തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി പരിശോധന നടത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തിയ എട്ടുപേരെ തഹസിൽദാരുടെ നിയന്ത്രണത്തിൽ തിരുവല്ല ഡയറ്റിലെ ക്യാമ്പിൽ നിരീക്ഷണത്തിലാക്കി. അവർക്ക് വേണ്ട ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവർക്ക് ഫാസ്റ്റ് ട്രാക്കിംഗ് ട്രയാജ് സംവിധാനത്തിൽ ചികിത്സയും ലഭ്യമാക്കി വരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പരിശോധനയ്ക്ക് അയയ്ക്കുന്നുമുണ്ട്. ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുനിതകുമാരി, നോഡൽ ഓഫീസർ ഡോ.മാമ്മൻ പി.ചെറിയാൻ, ഹെൽത്ത് സൂപ്പർവൈസർ കെ.എം.സാബുക്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം അഞ്ചു പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിലും മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തിക്കുന്നുണ്ട്. തിരിക്കിനിടയിലും ബ്ലോക്ക് പ്രദേശത്തെ 835 പാലിയേറ്റീവ് രോഗികൾക്ക് അത്യാവശ്യ പരിചരണം ലഭ്യമാക്കുന്നുണ്ട്. നിലവിൽ ഒരു മാസത്തേയ്ക്കുവരെ ആവശ്യമായ മരുന്ന് പാലിയേറ്റീവ് രോഗികൾക്ക് നൽകി. മരുന്ന് ആവശ്യമുള്ളവർ അതാത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ടാൽ മരുന്നുകൾ വീടുകളിലെത്തിച്ച് നൽകും. ജീവിതശൈലി രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ ലഭിക്കാത്ത അത്യാവശ്യ മരുന്നുകൾ വാങ്ങിനൽകുന്ന നടപടികളും ആരംഭിച്ചു. അത്യാവശ്യ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭ്യമാക്കും. ബ്ലോക്ക് പ്രസിഡന്റ് അംബിക മോഹൻ, മുൻപ്രസിഡന്റ് ഈപ്പൻ കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സാം ഈപ്പൻ എന്നിവർ ചാത്തങ്കരി ആശുപത്രിയിലെത്തി അടിയന്തിരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും അത്യാവശ്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.