തിരുവല്ല: ഇരവിപേരൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ഭക്ഷണക്കിറ്റ് ആളുകളുടെ എണ്ണപ്രകാരം ക്യാമ്പുകളിൽ എത്തിച്ച് നല്കി. കരാറുകാരുടെ സഹകരണം ഇല്ലാത്ത തൊഴിലാളികൾക്കാണ് അരിയും ഗോതമ്പ് പൊടിയും മറ്റ് പലവ്യഞ്ജനങ്ങളും ഉൾപ്പെടെ എഴ് ദിവസത്തേക്കുള്ള 50 കിലോ തൂക്കംവരുന്ന കിറ്റുകൾ ക്യാമ്പുകളിലെത്തിച്ച് നല്കിയത്. പാചകം ചെയ്യാനുള്ള ഇവരുടെ സ്റ്റൗവിന് ഡീസൽ പെർമിറ്റ് വേറെയും നല്കി. കോൺട്രാക്ടറുടെ ചുമതലയിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തം കോൺട്രാക്ടർ തന്നെ വഹിക്കണം. ഇരവിപേരൂർ ആവി കഫേയിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് വിവിധ വാർഡുകളിലേക്കായി 200 പൊതിച്ചോറുകളാണ് വീട്ടിലെത്തിച്ച് നല്കുന്നത്. ഇതിനായി വാർഡു തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചുവരുന്നു. ഓതറ കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്നും രോഗികൾക്ക് ആവശ്യമായ മരുന്നുകളും എത്തിച്ച് നല്കിവരുന്നു. ആശാപ്രവർത്തകരെയോ വാർഡു മെമ്പറേയോ ബന്ധപ്പെട്ടാൽ ഈ സേവനം ലഭ്യമാകുന്നതാണ്.പഞ്ചായത്ത്തലത്തിലും വാർഡുതലത്തിലും രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആയിരത്തോളം സന്നദ്ധ പ്രവർത്തകർ പഞ്ചായത്തിൽ കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങളെ എകോപിപ്പിക്കുന്നത്.ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ഭക്ഷണ കിറ്റിന്റെ വിതരണങ്ങൾക്ക് സംസ്ഥാന ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.അനന്തഗോപൻ, പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.