പത്തനംതിട്ട: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുളള ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ ഇന്നലെ അർദ്ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി ജില്ലാ കളക്ടർ ഉത്തരവിറക്കി.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ഉൾപ്പടെയുളള പൊതുഗതാഗതം നിറുത്തിവയ്ക്കണം. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും മെഡിക്കൽ സഹായത്തിനും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. വാഹനത്തിൽ ഡ്രൈവറെക്കൂടാതെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് കൂടി യാത്ര ചെയ്യാം. മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യസാധനങ്ങളുടെ ട്രാൻസ്‌പോർട്ടേഷനും മാത്രമായേ ഓട്ടോറിക്ഷകളും ടാക്‌സികളും ഉപയോഗിക്കാൻ പാടുള്ളു. പെട്രോൾ പമ്പിന്റെ പ്രവർത്തനം, എൽ.പി.ജിയുടെ വിതരണം, വൈദ്യുതി, ടെലികോം സേവനം എന്നിവ തടസപ്പെടുത്താൻ പാടില്ല.
പലചരക്ക്, പച്ചക്കറി, പാൽ, മൽസ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാൻ പാടുളളു. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമായി ഭക്ഷണം നൽകാം. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ പാടില്ല. മെഡിക്കൽ ഷോപ്പുകൾ സമയപരിധി ബാധകമല്ലാതെ പ്രവർത്തിക്കണം.
ആരാധനാലയങ്ങളിൽ ഒഴിച്ച് കൂടാനാവാത്തതും ആചാര അനുഷ്ഠാനത്തിന്റെ ഭാഗവുമായ ചടങ്ങുകൾ മാത്രം നടത്തണം.
ബാങ്ക് അടക്കമുളള ധനകാര്യ സ്ഥാപനങ്ങൾ സർക്കാർ ഉത്തരവ് പ്രകാരം മാത്രമേ പ്രവർത്തിക്കാൻ പാടുളളു.