തിരുവല്ല: കൊറോണ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരു രോഗിക്ക് പോലും ചികിത്സ കിട്ടാത്ത സാഹചര്യം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടുകൂടി പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യ ഇ-ഹെൽത്ത് ക്ലിനിക് ആരംഭിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടി വൈദ്യസഹായം ഭവനങ്ങളിലേക്കു എത്തിക്കുവാൻ ഇ-ഹെൽത്ത് മൂലം സാധിക്കും. പുഷ്പഗിരി ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഇ- ഹെൽത്തിലൂടെ ലഭ്യമാണ്. രോഗികൾക്കും ഡോക്ടർക്കും വീഡിയോ കോൺഫറൻസ് വഴിയോ,ഫോൺ മുഖേനയോ നേരിട്ട് കണ്ടുകൊണ്ടു രോഗ വിവരങ്ങളെപ്പറ്റി സംസാരിക്കുകയും പ്രതിവിധികൾ നൽകുകയും ചെയ്യാം.ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ ആശുപത്രി എക്സിക്യൂട്ടീവ് വീടുകളിൽ എത്തിച്ചു നൽകുകയും മരുന്നുകൾ കഴിക്കേണ്ടവിധം നിർദ്ദേശിച്ചു നൽകുകയും ചെയ്യുമെന്നും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് പരിയാരത്ത് അറിയിച്ചു.