അടൂർ : ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിൽ ഇറങ്ങിയതിന് പൊലീസ് കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ കൊണ്ട് പൊലീസ് സ്റ്റേഷൻ പരിസരം നിറഞ്ഞു. ഇരുചക്ര വാഹനമാണ് ഇതിൽ ഏറെയും. വാഹനം ഇടാൻ സ്ഥലമില്ലാതായതോടെ ഇന്നു മുതൽ പിടിക്കുന്ന വാഹനങ്ങൾ പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റും. കഴിഞ്ഞ അഞ്ച് ദിവസമായി പിടികൂടിയ വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ പരിസരത്താണ് സൂക്ഷിച്ചിരിക്കുന്നത്. നിസാര ആവശ്യങ്ങളുടെ പേരിൽപ്പോലും വാഹനവുമായി നഗരത്തിൽ ഇറങ്ങുന്നവരെ പൊലീസ് പ്രത്യേക നിരീക്ഷണത്തിലാക്കി തുടങ്ങി. ഇന്നലെ നിരത്തിൽ ഇറങ്ങിയ വാഹനങ്ങളിലധികവും മെഡിക്കൽ സ്റ്റോർ, അവശ്യ സാധനങ്ങൾ എന്നിവയുടെ പേരിലായിരുന്നു. 15 ദിവസത്തേക്കുള്ള മെഡിസിൻ വാങ്ങി സൂക്ഷിക്കാനെന്ന നിർദ്ദേശം നൽകിയാണ് ഇക്കൂട്ടരെ പൊലീസ് മടക്കുന്നത്. ഇതിനിടെ എൽ.പി.ജി സിലിണ്ടറുകൾ യഥാസമയം വീടുകളിൽ എത്തിക്കാത്തിന്റെ പേരിലും ജനം പുറത്തിറങ്ങുന്നുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സൗജന്യമായി സിലിണ്ടർ എത്തിക്കണമെന്നാണ് നിയമം. എന്നാൽ സിലണ്ടറുകൾ പലയിടങ്ങിലും എത്തുന്നില്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. മതിയായ ഭക്ഷ്യസാധനങ്ങൾ വീടുകളിൽ സംഭരിക്കാൻ കഴിയാത്തവർ ഏറെയാണ്. ഇക്കൂട്ടരിൽ വാഹനസൗകര്യമില്ലാത്തവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചില സന്നദ്ധ സംഘടനകൾ ആവശ്യമായ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്. എന്നാലും ഇവരുടെ സേവനം പ്രയോജനപ്പെടുത്താതെ നഗരം കാണാൻ ഇറങ്ങി പുറപ്പെടുവന്നരാണ് പ്രശ്നക്കാർ.
കൂടുതൽ കർക്കശമാക്കും
വാഹന പരിശോധന ഇന്നുമുതൽ കൂടുതൽ കർക്കശമാക്കും.
നിന്ത്രണമില്ലാതെ നിരത്തിലിറക്കുന്ന വാഹനങ്ങൾ ഒരെണ്ണം പോലും വിട്ടുനൽകില്ലെന്ന് മാത്രമല്ല കർശന നടപടിയും സ്വീകരിക്കും.
ജവഹർ ജനാർദ്ദ്,
ഡിവൈ.എസ്.പി