പത്തനംതിട്ട: അതിഥി ദേവോ ഭവ എന്ന ആപ്തവാക്യത്തെ അന്വർത്ഥമാക്കുകയാണ് ആറന്മുള ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.
അന്യ സംസ്ഥാന തൊഴിലാളികളുടെ നിരവധി ക്യാമ്പുകളാണ് ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളത്. കോവിഡ് 19 ലോക്ക് ഡൗൺ സാഹചര്യത്തിൽ ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിലെ അതിഥി തൊഴിലാളികളാണ് സ്‌പോൺസർമാർ ഉണ്ടായിട്ടും ഭക്ഷണവും വെള്ളവും ഇല്ലാത്ത സ്ഥിതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നത്. ഇത് മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ പായിപ്പാട് സംഭവത്തിനു മുൻപുതന്നെ അതിഥിതൊഴിലാളികളുടെ ക്ഷേമത്തിനായി മുന്നിട്ടിറങ്ങി. സന്നദ്ധസംഘടനകൾ പൊലീസ് ഉദ്യോഗസ്ഥർക്കായി എത്തിക്കുന്ന 20 പൊതിച്ചോറുകളും അവർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്കായി നീക്കിവച്ച് തങ്ങൾക്കുള്ള ഭക്ഷണം വീടുകളിൽനിന്ന് കൊണ്ടുവരുന്നു. എന്നുംരാവിലെ 11 കഴിയുമ്പോഴേക്കും ക്യാമ്പുകളിലേക്ക് നേരിട്ട് വിളിച്ചാണ് ഇവർ ഭക്ഷണം വേണ്ടവരെ കണ്ടെത്തുന്നത്. കമ്യൂണിറ്റി കിച്ചണിൽ നിന്നും മറ്റും ഭക്ഷണം ലഭിക്കാത്തവർക്കായി ഇവർ ക്യാമ്പുകളിൽ നേരിട്ടെത്തി തങ്ങളുടെ സ്‌നേഹ പൊതിച്ചോറുകൾ കൈമാറുന്നു. കൂടെ ഇവർക്കുവേണ്ട നിർദേശങ്ങളും ബോധവത്കരണങ്ങളും നൽകിയാണ് മടങ്ങുന്നത്.
സ്ത്രീകളും കുട്ടികളും അടക്കം ആറാട്ടുപുഴയിലെ ക്യാമ്പിൽ ആറ് വർഷത്തിലേറെയായി കഴിഞ്ഞിരുന്ന 17 പേർക്ക് ഭക്ഷണത്തിനും കുടിവെള്ളത്തിനും ദൗർലഭ്യമുണ്ടെന്ന് അറിഞ്ഞ പൊലീസുകാർ സ്വന്തംകൈയ്യിൽ നിന്ന് മൂവായിരത്തിലധികം രൂപ പിരിച്ച് തൊഴിലാളികൾക്ക് വേണ്ട ഭക്ഷണകിറ്റുകളും വെള്ളവും എത്തിച്ചു നൽകി. അരിയും, ഗോതമ്പുമൊക്കെ അടങ്ങിയ കിറ്റാണ് ഇവർ എത്തിച്ചുനൽകിയത്.
ആറാട്ടുപുഴയിൽ ഭക്ഷണകിറ്റ് നൽകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആറന്മുള ജനമൈത്രി പോലീസിന്റെ സഹജീവികളോടുള്ള കരുതലിന്റെ നേർക്കാഴ്ചയാണ് വീഡിയോയിലൂടെ കാണാനാകുക. അതിഥി തൊഴിലാളികളുടെ കരുതലിൽ ഒരുപടി മുന്നിലാണ് ആറന്മുള ജനമൈത്രി പൊലീസ്.
ആറന്മുള സ്‌റ്റേഷൻ ഹൗസ് ഓഫീസർ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരുന്നത്. എസ്.ഐമാരായ കെ.ദിജേഷ്, സി.കെ വേണു, എ.എസ്.ഐമാരായ സനൽ, ജയകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ ജി.അജിത്ത്, കെ.പി.എ ജില്ലാ കമ്മിറ്റി അംഗം ഉദയചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ രതീഷ് രവീന്ദ്രൻ, പൊലീസ് ട്രെയിനി വിഷ്ണു കെ. രാജേന്ദ്രൻ എന്നിവരാണ് ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ.