പത്തനംതിട്ട: ജില്ലയിൽ കൊറോണ രോഗത്തെ പ്രതിരോധിക്കാൻ രാപ്പകൽ പ്രയത്‌നിക്കമ്പോൾ സ്വന്തം കുടുംബവീട് ഐസലേഷൻ വാർഡാക്കാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് അന്തരിച്ച മുൻ എം.എൽ.എ വി.പി.പി നമ്പൂതിരിയുടെ കുടുംബം. തിരുവല്ല നിയോജക മണ്ഡലത്തിൽ പെരിങ്ങര പഞ്ചായത്തിലെ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന 'ഹാപ്പി ഹോം' ആണ് ഐസലേഷൻ വാർഡിനായി വിട്ടു നൽകുക. തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ ഇന്ന് രാവിലെ 11ന് വീടിന്റെ താക്കോൽ ഉടമസ്ഥരിൽ നിന്ന് സ്വീകരിക്കും. മാത്യു.ടി തോമസ് എം.എൽ.എയാണ് ഐസൊലേഷൻ വാർഡിനായി വീട് ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) മാനേജിംഗ് ഡയറക്ടർ ഡോ. ജോയ് ഇളമൺ, സഹോദരങ്ങളായ ആനന്ദ് ഇളമൺ, പ്രമോദ് ഇളമൺ എന്നിവരുടെ ഉടമസ്ഥതയിലാണ് ഹാപ്പി ഹോം . നാലു കിടപ്പുമുറികൾ ഉൾപ്പടെ 3000 സ്‌ക്വയർഫീറ്റ് വിസ്തൃതി വരുന്ന വീടാണ് രോഗബാധിതർക്ക് ഐസൊലേഷൻ സജ്ജമാക്കുന്നതിന് നൽകുക.