പത്തനംതിട്ട: പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവരോ, നിരീക്ഷണത്തിൽ കഴിയുന്ന രോഗികളുമായി സമ്പർക്കമുള്ളവരോ നേരിട്ട് ട്രഷറിയിൽ ഇടപാടിനെത്തുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. ഇത്തരത്തിൽ ട്രഷറികളിൽ എത്താൻ സാധിക്കാത്ത പെൻഷൻകാർ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ കൃത്യമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തി ചെക്കിനൊപ്പം സമർപ്പിച്ചാൽ ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിനും അപേക്ഷ നൽകുന്ന പെൻഷൻകാർക്ക് തങ്ങളുടെ അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യം ലഭിക്കുന്നതിനുമുള്ള ക്രമീകരണം ട്രഷറിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും ആരോഗ്യപ്രശ്നമുള്ളവരിലും രോഗവ്യാപനത്തിന് ഏറെ സാദ്ധ്യതയുള്ളതിനാലും പെൻഷൻ പണം അക്കൗണ്ടുകളിൽ സുരക്ഷിതമായി നിലനിൽക്കുമെന്നുള്ളതിനാലും പണത്തിന് അത്യാവശ്യമുള്ളവർ മാത്രം ഈ ഘട്ടത്തിൽ ട്രഷറിയിൽ എത്തിയാൽ മതിയാകും.
ട്രഷറിയിൽ എത്തിയാൽ പ്രവേശന കവാടത്തിന് മുൻപിൽ സജ്ജീകരിച്ചിരിക്കുന്ന വെള്ളം, സോപ്പ്/ ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ടോക്കൺ എടുത്തിനു ശേഷം പരമാവധി ശാരീരിക അകലം പാലിച്ച് തങ്ങളുടെ ഊഴം എത്തുംവരെ കാത്തിരിക്കേണ്ടതുമാണ്. ഇക്കാര്യത്തിൽ ആരോഗ്യപ്രവർത്തകരുടെയും പൊലീസിന്റെയും ട്രഷറി ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ കർശനമായും പാലിക്കണം. പരമാവധി അഞ്ച് ഇടപാടുകാരെ മാത്രമേ ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം കൗണ്ടറിനു മുന്നിൽ നിൽക്കാൻ അനുവദിക്കു. ഈ ദിവസങ്ങളിൽ യാതൊരു കാരണവശാലും ട്രഷറി ഉദ്യോഗസ്ഥരല്ലാതെ മറ്റൊരാളേയും ട്രഷറിക്കുള്ളിൽ പ്രവേശിപ്പിക്കില്ല. തൂവാല/മാസ്‌ക് എന്നിവ പെൻഷൻകാർ കരുതണം. പെൻഷൻ കൈപ്പറ്റിയാൽ ഉടൻതന്നെ കർശനമായും ട്രഷറിയുടെ പരിസരം വിട്ടുപോകണം. യാത്രാ ഇളവുകൾക്ക് ട്രഷറി രേഖകളായ പാസ്ബുക്ക്, ചെക്ക്ബുക്ക് എന്നിവ കാണിക്കാം.

ജനങ്ങളുടെ എല്ലാവിധ ഒത്തുചേരലുകളും ഒഴിവാക്കിയും ശാരീരിക അകലം പാലിച്ചും രോഗത്തിന്റെ സമൂഹവ്യാപനം തടയാനുള്ള നടപടികൾ സർക്കാർ തലത്തിൽ നടന്നുവരുകയാണ്. ട്രഷറികൾ മുഖേന ഏപ്രിൽ മാസാദ്യം നടക്കുന്ന പെൻഷൻ വിതരണം മാറ്റിവയ്ക്കാൻ ആകാത്ത സാഹചര്യത്തിൽ സാദ്ധ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചു വേണം നടത്താൻ. ട്രഷറി ജീവനക്കാരുടേയും പെൻഷൻകാരുടേയും പൂർണസുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രമേ പെൻഷൻ വിതരണം നടത്താൻ സാധിക്കു. ഏപ്രിൽ രണ്ടു മുതൽ ഏഴുവരെയുള്ള തീയതികളിൽ പിടിഎസ്ബി അക്കൗണ്ട് നമ്പർ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തിൽ പെൻഷൻ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.