കോഴഞ്ചേരി: കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന കോഴഞ്ചേരി പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ജാേലി കഴിഞ്ഞ് വീട്ടിൽ പോകാനാവാതെ ഒാഫീസിൽ കുടുങ്ങി. ചെന്നീർക്കര സ്വദേശിയായ ജീവനക്കാരിയെ ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഒാഫീസിൽ നിന്ന് വിളിച്ചു കൊണ്ടുവരാനായി പോയ ഭർത്താവിനെ ഇലവുംതിട്ട ജംഗ്ഷനിൽ വച്ച് പാെലീസ് തടയുകയായിരുന്നു. ലോക്ക് ഡൗണിന്റെ ഭാഗമായ വിലക്ക് തീരുന്നതുവരെയുളള വാഹനത്തിന്റെ പാസ് കാണിച്ചിട്ടും പൊലീസ് വിട്ടില്ലെന്ന് ഭർത്താവ് പറഞ്ഞു. ഇതേ തുടർന്ന് വാഹനവുമായി വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.

ഒടുവിൽ, രാത്രി ഒൻപത് മണിയോടെ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്റെ സ്വകാര്യ വാഹനത്തിൽ ജീവനാക്കാരിയെ വീട്ടിലെത്തിക്കുകയായിരുന്നു. ജീവനക്കാരിയെ എല്ലാദിവസവും സ്വന്തം വാഹനത്തിൽ ഒാഫീസിലെത്തിക്കുന്നതും വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുന്നതും അറിയാവുന്ന പൊലീസുകർ തന്നെയാണ് വാഹനം തടഞ്ഞത്.