v
ഡയാലിസിസ്

കൊല്ലം: വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജീവനം കിഡ്നി ഫൗണ്ടേഷൻ കരുണാർദ്രമായ പുതിയ കാൽവയ്പിലേക്ക്. ഡയലിസിസിന് ശേഷം വീടുകളിലേക്കുള്ള വൃക്കരോഗികളുടെ മടക്കയാത്ര ജീവനം ഫൗണ്ടേഷൻ ഏറ്റെടുക്കും. രണ്ടാംഘട്ടമായി ആശുപത്രിയിലേക്കുള്ള യാത്രയും ഏറ്റെടുക്കും.

ഫൗണ്ടേഷൻ സ്വന്തമായി രണ്ട് ആംബുലൻസ് വാങ്ങിയാകും ഡയാലിസിനായി ആശുപത്രിയിലേക്കും തിരിച്ച് വീടുകളിലേക്കും രോഗികളെ എത്തിക്കുക. മൂന്ന് മാസത്തിനുള്ളിൽ വാഹനം വാങ്ങി പദ്ധതി ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷൻ അധികൃതർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭീമമായ യാത്രാ ചെലവ് ഒഴിവാക്കി ആശ്വാസം നൽകുന്നതിനൊപ്പം യാത്രയ്ക്കിടയിലും പരിചരണം നൽകി ആരോഗ്യം സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലാ ആശുപത്രിയിലാണ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇപ്പോൾ എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാത സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നത്. നിലവിൽ മൂന്ന് ഷിഫ്റ്റുകളിലായി ഒരു ദിവസം 50 പേർക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. ഇതിന് ചെലവാകുന്ന തുക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , സെക്രട്ടറി എന്നിവർ യഥാക്രമം പ്രസിഡന്റും സെക്രട്ടറിയുമായുള്ള ജീവനം കിഡ്നി ഫൗണ്ടേഷൻ ജില്ലാ ആശുപത്രിക്ക് നൽകും. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് ഫൗണ്ടേഷൻ പ്രവർത്തനം തുടങ്ങിയത്. 20 പേർക്ക് ഒരു ദിവസം ഡയാലിസിസ് നടത്താൻ ജില്ലാ ആശുപത്രിയിൽ ഒരു ഡയാലിസിസ് ഷിഫ്റ്റ് കൂടി ഉടൻ ആരംഭിക്കും. ഇതിന് പുറമേ രണ്ട് മാസത്തിനുള്ളിൽ കടയ്ക്കൽ, കൊട്ടാരക്കാര, കരുനാഗപ്പള്ളി, ശാസ്താംകോട്ട താലൂക്ക് ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

 സംഭാവന നൽകിയാൽ ഇൻകം ടാക്സ് ഇളവ്

ജീവനം കിഡ്നി ഫൗണ്ടേഷന് സംഭാവന നൽകുന്നവർക്ക് വരുമാന നികുതിയിൽ ഇളവ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ജില്ലാ പഞ്ചായത്ത് ആരംഭിച്ചു. ഇതിന് പുറമേ ജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ നിന്നും വർഷത്തിൽ 10 രൂപ വീതം നിർബന്ധിതമല്ലാതെ സംഭാവന സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമേ അയൽക്കൂട്ടം അംഗങ്ങളിൽ നിന്നും 5 രൂപ വീതം സ്വീകരിക്കുന്നുണ്ട്.

 2.15 കോടി

ജീവനം കിഡ്നി ഫൗണ്ടേഷന്റെ അക്കൗണ്ടിൽ നിലവിൽ രണ്ടേകാൽ കോടി രൂപയുണ്ട്. ഇതിലേറെയും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ നൽകിയതാണ്.

അംഗത്വ ഫീസിലൂടെ ഒരോ വ്യക്തിയിൽ നിന്നും ലഭിക്കുന്ന 700 രൂപയും വൃക്ക രോഗികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുകയാണ്.

'' ഡയാലിസിസ് സൗജന്യമാക്കുന്നതിന് പുറമേ വൃക്ക ദാനം ചെയ്യൽ പ്രോത്സാഹിപ്പിക്കുക, ദാനം ചെയ്തവരുടെ ആരോഗ്യസംരക്ഷണം, വൃക്കരോഗം വരാതിരിക്കാനുള്ള ബോധവത്കരണം എന്നിവയും ഫൗണ്ടേഷൻ നിർവഹിക്കുന്നുണ്ട്. സേവനം കൂടുതൽ വ്യാപിപ്പിക്കാൻ പൗണ്ടേഷൻ വൃക്കരോഗ ബാധിതരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി വരികയാണ്.''

കെ. പ്രസാദ് (ജില്ലാ പഞ്ചായത്ത് സെക്രട്ടറി)

 നിലവിൽ ഒരു ദിവസം 50 പേർക്ക് സൗജന്യ ഡയാലിസിസ്

 ഒരാളുടെ ഡയാലിസിസ് ചെലവ് 850 രൂപ

 ജീവനം വഹിക്കുന്നത് 550 രൂപ