ശാസ്താംകോട്ട: ജില്ലയിലെ ഈ വർഷത്തെ ക്ഷീര സഹകാരി വനിതാ വിഭാഗം അവാർഡ് ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി സെൽവ റാണിയ്ക്ക്. മുപ്പത് വർഷം മുൻപ് തമിഴ് നാട്ടിലെ രാമേശ്വരത്ത് നിന്നു കേരളത്തിൽ ജോലി അന്വേഷിച്ചെത്തിയതായിരുന്നു സെൽവറാണിയുടെ കുടുംബം. ഇരുപത് വർഷമായി പള്ളിശ്ശേരിക്കൽ സ്ഥിര താമസമാണ്.
വീടിനു സമീപത്തായി നാല് ഫാമുകളിലായി അറുപതോളം പശുക്കളെയാണ് സെൽവറാണിയും കുടുംബവും പരിപാലിക്കുന്നത്. പ്രതിദിനം 500 ലിറ്റർ പാൽ ലഭിക്കുന്നുണ്ട് . സമീപത്തെ വീടുകളിൽ വിതരണം ചെയ്തശേഷം ബാക്കിയുള്ളത് കിടങ്ങയം ക്ഷീരോത്പാദക സഹകരണ സംഘത്തിന് നൽകും. സ്ഥലം വാടകയ്ക്ക് എടുത്താണ് സെൽവറാണിയും കുടുംബവും പശുവളർത്തൽ കേന്ദ്രം നടത്തുന്നത്. ഭർത്താവ് രാജേന്ദ്രനും മക്കളായ മുരുകേശും അയ്യപ്പനും ഗണേശും സർവ പിന്തുണയുമായി സെൽവ റാണിക്കൊപ്പമുണ്ട്.