കുന്നത്തൂർ: പോരുവഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനീഷിന്റെ നേതൃത്വത്തിൽ കനാൽ ശുചീകരിച്ചതോടെ ഏഴാംമൈൽ ഭാഗത്ത് ജലമെത്തി. കടുത്ത വരൾച്ചയെ തുടർന്ന് കെ.ഐ.പി കനാൽ തുറന്നെങ്കിലും കടമ്പനാട് ഇ.എസ്.ഐ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ഇടയ്ക്കാട് സെക്കന്റ് ഉപകനാലിൽ വെള്ളം എത്തിയിരുന്നില്ല. കടമ്പനാട് ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് കനാൽ വൃത്തിയാക്കാത്തതിനെ തുടർന്നാണ് കനാലിൽ മാലിന്യം കുമിഞ്ഞ് കൂടുകയും ജലമൊഴുക്ക് തടസപ്പെടുകയും ചെയ്തത്. ഏഴാംമൈൽ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് വൈസ് പ്രസിഡന്റ് പ്രശ്നത്തിൽ ഇടപെട്ടത്. പോരുവഴി പഞ്ചായത്തിന്റെ ഭാഗമായ ഏഴാംമൈൽ ജംഗ്ഷൻ മുതൽ അമ്പലത്തുംഭാഗം കുന്നുവിള ജംഗ്ഷൻ വരെ ഒരു മാസം മുമ്പ് വൃത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ കടമ്പനാട് പഞ്ചായത്തിലെ രണ്ടര കിലോമീറ്ററിലധികം വരുന്ന കനാൽ മാലിന്യങ്ങൾ നീക്കം ചെയ്യുകയും വശങ്ങളിലെ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് കനാലിലെ നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്.